നെഞ്ച് വേദനിക്കുന്നെന്ന് പറഞ്ഞിരുന്നു; സ്റ്റേഷന് പുറത്ത് കുഴഞ്ഞ് വീണിട്ടും പോലീസ് തിരിഞ്ഞ് നോക്കിയില്ല; കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണത്തിൽ പോലീസിന് എതിരെ ആരോപണങ്ങൾ

വടകര: കോഴിക്കോട് വടകര പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. വടകര കല്ലേരി താഴേകോലത്ത് പൊൻമേരി പറമ്പിൽ സജീവനാണ് (42) മരിച്ചത്. സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തി. സജീവനെയും സുഹൃത്തിനെയും ഇന്നലെ രാത്രി 11:30 ഓടെയാണ് വാഹനാപകട കേസിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.

തുടർന്ന് സജീവനെ മദ്യപിച്ചതിന്റെ പേരിൽ പോലീസ് മർദിച്ചെന്നാണ് ആരോപണം. രോഗിയാണെന്ന് പറഞ്ഞിട്ടും പോലീസ് ചെവികൊണ്ടില്ലെന്നും സജീവനെ പോലീസ് മർദ്ദിക്കുകയായിരുന്നെന്നും സുഹൃത്ത് പറയുന്നു. പോലീസ് സ്റ്റേഷന് പുറത്ത് സജീവൻ കുഴഞ്ഞ് വീണിട്ടും പോലീസ് തിരിഞ്ഞ് നോക്കിയില്ലെന്നാണ് ആരോപണം.

സ്റ്റേഷനിൽ വെച്ച് തന്നെ സജീവൻ നെഞ്ച് വേദനിക്കുന്നു എന്ന് പറഞ്ഞിരുന്നുവെന്നും, എന്നാൽ ഗ്യാസിന്റെ പ്രശ്‌നം വല്ലതും ആയിരിക്കും എന്ന് പറഞ്ഞ് പോലീസ് ഇത് നിസാരവൽക്കരിക്കുകയായിരുന്നു എന്നും സുഹൃത്തുക്കൾ വ്യക്തമാക്കുന്നു.

സജീവനെ ആംബുലൻസിൽ വടകര സഹകരണ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റുമാർട്ടം നടക്കും.

സജീവനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതിന് തങ്ങൾക്കും പോലീസ് മർദനം ഏറ്റെന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും ആരോപിക്കുന്നുണ്ട്. രാത്രിയിലുണ്ടായ വാഹന അപകടത്തെത്തുടർന്ന് നഷ്ടപരിഹാരത്തെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ റോഡിൽ ബഹളം ഉണ്ടായിരുന്നു. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ് കസ്റ്റഡിയിൽ എടുക്കുകയായരുന്നു എന്നാണ് പാലീസ് പറയുന്നത്.

സജീവനെ മർദിച്ചിട്ടില്ലെന്നാണ് പോലീസ് വിശദീകരണം. വടകര ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും സംഘടിപ്പിക്കുന്നുണ്ട്.

Exit mobile version