താഴ്ന്നുകിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് തെറിച്ചു വീണു; ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പും നിലച്ചു, കർഷകന്റെ ജീവൻ തിരിച്ചുപിടിച്ച് യുവാവ്

നെടുങ്കണ്ടം: താഴ്ന്നുകിടന്നിരുന്ന വൈദ്യുതിലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണ് ഗുരുതരാവസ്ഥയിലായ വയോധികന്റെ ജീവൻ തിരിച്ചു പിടിച്ച് യുവാവ്. പുഷ്പകണ്ടം തടത്തിൽ 70കാരനായ അബ്ദുൽ അസീസിന്റെ ജീവനാണ് കൃത്യസമയത്ത് പ്രാഥമികശുശ്രൂഷ നൽകി അണക്കരമെട്ട് പുത്തൻചിറയിൽ അഖിൽ രക്ഷിച്ചത്.

മൂന്ന് ജോഡി കമ്മലും കൈചെയിനും വാങ്ങി പണം നൽകി, മാലയ്ക്ക് അഡ്വാൻസും നൽകി മടങ്ങി; സിസിടിവിയിൽ കണ്ടത് യുവതി രണ്ട് മാലകൾ കടത്തുന്നത്; ഞെട്ടൽ

തിങ്കളാഴ്ച രാവിലെ പുഷ്പകണ്ടം അണക്കരമെട്ട് റോഡിലായിരുന്നു സംഭവം. കർഷകനായ അബ്ദുൽ അസീസ് ഏലച്ചെടികൾ നനയ്ക്കാനായി ഇരുമ്പുപൈപ്പുകൾ സ്ഥാപിച്ചിരുന്നു. ഇത് എടുത്തുമാറ്റുന്നതിനിടെ താഴ്ന്നുകിടന്ന 11 കെ.വി. ലൈനിൽ പൈപ്പ് മുട്ടി വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

ഉടനടി, അബ്ദുൽ അസീസ് കൃഷിയിടത്തിൽനിന്ന് റോഡരികിലേക്ക് തെറിച്ചുവീണു. സംഭവംകണ്ട് സമീപവാസിയായ സ്ത്രീ ഓടിയെത്തി. അപകടം കണ്ട്, റോഡിലൂടെയെത്തിയ അഖിൽ, വയോധികനെ പരിശോധിച്ചു. ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പും നിലച്ചെന്ന് ബോധ്യപ്പെട്ടതോടെ, യുവാവ് നെഞ്ചിലമർത്തി പ്രാഥമികശുശ്രൂഷ നൽകുകയും ചെയ്തു.

ഇതിനിടെ സമീപവാസികളായ ഷൈല, നബീസ എന്നിവരും ഓടിയെത്തി. വയോധികന്റെ ഹൃദയം വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയതോടെ വാഹനത്തിൽക്കയറ്റി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച വയോധികൻ ആരോഗ്യനില വീണ്ടെടുത്തു. വൈദ്യുതാഘാതത്തെത്തുടർന്ന് രണ്ടുകാലിനും കൈമുട്ടിനും പൊള്ളലേറ്റിട്ടുണ്ട്.

Exit mobile version