പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി ഭാര്യ ആത്മഹത്യ ചെയ്യുന്നത് റെനീസ് ലൈവായി കണ്ടിരുന്നു? പോലീസുകാരന്റെ ക്രൂരതയിൽ ഞെട്ടൽ

ആലപ്പുഴ: ഭർത്താവിന്റെ പരസ്ത്രീ ബന്ധവും പീഡനവും കാരണം നജ്‌ല പിഞ്ചുമക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ. രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി ഭാര്യ ആത്മഹത്യ ചെയ്യുന്നത് പോലീസുകാരനായ ഭർത്താവ് റെനീസ് തത്സമയം കണ്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.

ആലപ്പുഴ പോലീസ് ക്വാർട്ടേഴ്സിൽ നടന്ന കൂട്ട ആത്മഹത്യ നാടിനെ ഞെട്ടിച്ചിരുന്നു. ഈ സംഭവത്തിലെ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തൽ. ഭാര്യയുടെയും മക്കളുടെയും മരണം റെനീസ് മൊബൈലിൽ തത്സമയം കണ്ടതായാണ് പോലീസ് നൽകുന്ന സൂചന. ഭാര്യ നജ്‌ല ആത്മഹത്യ ചെയ്ത മുറിയിൽ റെനീസ് രഹസ്യമായി ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്.

മേയ് ഒൻപതിനാണ് റെനീസിന്റെ ഭാര്യ നജ്ലയെ ആലപ്പുഴ ഏആർ ക്യാമ്പ് പോലീസ് ക്വർട്ടേഴ്സിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവും പോലീസുകാരനുമായ റെനീസിന്റെ നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനവും പരസ്ത്രീ ബന്ധവുമാണ് നജ്‌ലയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

പിന്നീട് റെനീസും കാമുകിയായ ബന്ധു ഷഹാനയും പിടിയിലായിരുന്നു. തുടർന്ന് നടത്തി അന്വേഷണ വേളയിലാണ് ഭാര്യ ആത്മഹത്യ ചെയ്ത സംഭവം റെനീസ് മൊബൈലിലൂടെ തത്സമയം കണ്ടിരിക്കാമെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. മൊബൈലുമായി ബന്ധിപ്പിച്ച സിസിടിവി ആത്മഹത്യ നടന്ന മുറിയിൽ ഉണ്ടായിരുന്നു. ഭാര്യ അറിയാതെ റെനീസ് വച്ച ക്യാമറയിലൂടെ ദൃശ്യങ്ങൾ കണ്ടിരിക്കാമെന്നാണ് പോലീസ് നൽകുന്ന സൂചന.

ALSO READ-മൂന്ന് ജോഡി കമ്മലും കൈചെയിനും വാങ്ങി പണം നൽകി, മാലയ്ക്ക് അഡ്വാൻസും നൽകി മടങ്ങി; സിസിടിവിയിൽ കണ്ടത് യുവതി രണ്ട് മാലകൾ കടത്തുന്നത്; ഞെട്ടൽ

സംഭവ ദിവസം വൈകീട്ട് റെനീസിന്റെ കാമുകിയായ ഷഹാന ക്വാർട്ടേഴ്സിൽ എത്തി ഭീഷണി മുഴക്കിയിരുന്നു. റെനീസിന്റെ നിർദേശപ്രകാരമാണ് ഷഹാന എത്തിയതെന്നാണ് വിവരം. തന്നെയും ഭാര്യ എന്ന നിലയിൽ ക്വാർട്ടേഴ്സിൽ താമസിപ്പിക്കാൻ അനുവദിക്കണമെന്നും ഇവിടെ നിന്നും ഇറങ്ങിത്തരണമെന്നും അല്ലെങ്കിൽ ഇറക്കിവിടുമെന്നും ഷഹാന ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി ഷഹാനയും നജ്ലയും തമ്മിൽ വഴക്കിടുകയും ചെയ്തിരുന്നു. പിന്നീട് രാത്രിയോടെയാണ് നജ്ല കുട്ടികളെ കൊലപ്പെടുത്തി ആേത്മഹത്യ ചെയ്തത്.

ഈസമയം ആലപ്പുഴ മെഡിക്കൽ കോളജ് ഔട്ട് പോസ്റ്റിൽ നൈറ്റ് ഷിഫ്റ്റിൽ ഡ്യൂട്ടിയിലായിരുന്നു റെനീസ്. പിറ്റേന്ന് രാവിലെ റെനീസ് വീട്ടിലെത്തിയപ്പോഴാണ് പുറംലോകം ആത്മഹത്യയെ കുറിച്ച് അറിഞ്ഞത്. എന്നാൽ, ക്വാർട്ടേഴ്സിൽ നടന്ന സംഭവങ്ങൾ റെനീസ് തത്സമയം മൊബൈലിലൂടെ കണ്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.

ദൃശ്യങ്ങൾ വീണ്ടെടുക്കാൻ തൃപ്പൂണിത്തുറയിലെ ഫോറൻസിക് ലാബിനെയാണ് പോലീസ് സമീപിച്ചിരിക്കുന്നത്. ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഈ മാസം അവസാനത്തോടെ കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസിന്റെ നീക്കം.

Exit mobile version