മൂന്ന് ജോഡി കമ്മലും കൈചെയിനും വാങ്ങി പണം നൽകി, മാലയ്ക്ക് അഡ്വാൻസും നൽകി മടങ്ങി; സിസിടിവിയിൽ കണ്ടത് യുവതി രണ്ട് മാലകൾ കടത്തുന്നത്; ഞെട്ടൽ

മൂന്നാർ: വ്യത്യസ്തമായ മോഷണ തന്ത്രവുമായി ജ്വല്ലറിയിലെ ജീവനക്കാരെ കബളിപ്പിച്ച് മാലകളുമായി കടന്ന യുവതിക്കായി പോലീസ് തെരച്ചിൽ നടത്തുന്നു. സ്വർണാഭരണങ്ങൾ വാങ്ങി പണവും നൽകി വിശ്വാസം പിടിച്ചു പറ്റിയ ശേഷം മാലകൾ അടിച്ചുമാറ്റിയ യുവതിയെയാണ് തെരയുന്നത്.

മലേഷ്യക്കാരിയെന്ന് പരിചയപ്പെടുത്തി സ്വർണം വാങ്ങാനെത്തിയ യുവതി മൂന്നാർ ടൗണിനുസമീപം ജിഎച്ച്‌റോഡിൽ പ്രവർത്തിക്കുന ജ്വല്ലറിയിൽനിന്നാണ് 38 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണമാലകൾ കവർന്നത്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കോയമ്പത്തൂരിൽ ജനിച്ചുവളർന്ന, നിലവിൽ മലേഷ്യയിൽ സ്ഥിരതാമസമാക്കിയ ആളാണ് താനെന്ന് സ്വയം വിശേഷിപ്പിച്ചായിരുന്നു യുവതിയുടെ കടന്നുവരവ്. രേഷ്മയെന്നാണ് പേരെന്നും 40 വയസ് തോന്നിക്കുന്ന സ്ത്രീ സ്വയം പരിചയപ്പെടുത്തിയിരുന്നു.

രാവിലെ പത്തരയോടെ കടയിലെത്തിയ ഈ സ്ത്രീ കടയിൽനിന്ന് മൂന്ന് ജോഡി കമ്മലും ഒരു കൈച്ചെയിനും വാങ്ങിയ ശേഷം പണം നൽകിയിരുന്നു. ശേഷം അഞ്ച് പവൻ തൂക്കംവരുന്ന മറ്റൊരു മാല, വൈകീട്ട് ഭർത്താവുമൊത്ത് വന്ന് വാങ്ങാമെന്ന് പറഞ്ഞ് അഡ്വാൻസും നൽകിയിട്ടാണ് തിരിച്ചുപോയത്.

ALSO READ- ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളി, മാനസികാരോഗ്യം മോശമായി; പൾസർ സുനി തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ

പിന്നീട് രാത്രിയിൽ കടയിലെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് വലിയ രണ്ട് മാലകൾ കുറവുള്ളതായി കണ്ടെത്തിയത്.സിസിടിവി പരിശോധനയിൽ ജീവനക്കാരുടെ ശ്രദ്ധമാറുന്ന സമയത്ത് ഈ യുവതി രണ്ട് മാലകൾ കൈക്കലാക്കി ബാഗിലിടുന്നതായി കണ്ടെത്തുകയായിരുന്നു. ഈ ദൃശ്യങ്ങളുമായി ജ്വല്ലറി ഉടമ മൂന്നാര്‍ പോലീസിനെ സമീപിച്ചിരിക്കുകയാണ്.

Exit mobile version