കൊമ്പ് കുലുക്കി പാഞ്ഞടുത്ത് ഒറ്റയാൻ; ബൈക്ക് ഓഫാക്കി അനങ്ങാതിരുന്ന് ഡാറ്റ്‌സൻ; അതിരപ്പിള്ളിയിൽ നിന്നും ഒരു അത്ഭുത രക്ഷപ്പെടൽ

തൃശ്ശൂർ: നടുറോഡിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഒറ്റയാന്റെ മുന്നിൽപ്പെട്ട യുവാവിന് അത്ഭുതരക്ഷ. ബൈക്ക് ഓഫ് ആക്കി അനങ്ങാതിരുന്ന യുവാവിന്റെ നേർക്ക് പാഞ്ഞടുത്ത കാട്ടാന പിന്മാറുകയായിരുന്നു. പുറകിൽ വന്ന മറ്റൊരു ബൈക്ക് യാത്രികരാണ് ഈ വീഡിയോ പകർത്തിയത്. സോഷ്യൽമീഡിയയിൽ വൈറലാണ് അന്നമനട സ്വദേശി ഡാറ്റ്‌സന്റെ രക്ഷപ്പെടൽ.

അതിരപ്പിള്ളിയിലെ ആനമല റോഡിൽ പാഞ്ഞടുത്ത ഒറ്റയാന്റെ മുമ്പിലാണ് അന്നമനട സ്വദേശി ഡാറ്റ്സൻ ഭയം കൂടാതെ നിന്നത്. ഡാറ്റ്‌സന്റെ കൊടുങ്കാറ്റിലും കുലുങ്ങാത്ത ഭാവമായിരിക്കാം ആനയെ പിന്തിരിപ്പിച്ചത്. കൊമ്പ് കൊണ്ട് ബൈക്കിൽ കുത്തിയെങ്കിലും കാട്ടാന ഒന്നും ചെയ്യാതെ പിന്തിരിയുകയായിരുന്നു. ആന പിന്മാറിയതിന് കാരണം ഇപ്പോഴും ഡാറ്റ്‌സനും അറിയില്ല.

നിർമാണം നടക്കുന്ന വാൽപ്പാറ ഗേറ്റ് റസ്റ്ററന്റിലെ ടൈൽ ജോലികൾ പൂർത്തിയാക്കി മടങ്ങുകയായിരുന്നു ഡാറ്റ്‌സൻ. ഷോളയാറിന് സമീപത്തെ വനപാതയിലൂടെ വരുമ്പോഴാണ് വളവിൽവെച്ച് ഡാറ്റ്‌സൻ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. പത്തടി മുമ്പിൽ ആന എത്തിയതോടെ ഡാറ്റ്‌സൻ ബൈക്ക് ഓഫ് ചെയ്യുകയായിരുന്നു.

ALSO READ- നാല് വർഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചു; പിന്നാലെ ജാതിയധിക്ഷേപവും പീഡനവും; ഗർഭിണിയായ യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

തുടർന്ന് മുന്നോട്ടാഞ്ഞ ആന കൊമ്പ് കൊണ്ട് ബൈക്കിന്റെ മുൻ ചക്രത്തിലാണ് തട്ടിയത്. തുമ്പിക്കൈ കൊണ്ട് ഡാറ്റ്‌സന്റെ തോളിൽ തൊടുകയും ചെയ്തു. ഇതോടെ ആക്രമിക്കരുതെന്ന ഭാവത്തിൽ കൈപ്പത്തി ഉയർത്തി കാണിച്ച ഡാറ്റ്‌സനെ ഒന്നും ചെയ്യാതെ കാട്ടാന മടങ്ങുകയായിരുന്നു. തിങ്കളാഴ്ചയാണ് വൈറൽ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായത്.

Exit mobile version