കെഎസ്ആർടിസി ബസ് സ്വയം സ്റ്റാർട്ടായി നീങ്ങി; നിലവിളിച്ച് സ്ത്രീകൾ; ചാടിയെത്തി ബ്രേക്ക് ചവിട്ടി നിർത്തി രേഷ്‌ന; ഡ്രൈവിങ് അറിയാത്ത രക്ഷകയ്ക്ക് അഭിനന്ദന പ്രവാഹം

കൊച്ചി: എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ ഇന്നലെ സംഭവിക്കുമായിരുന്ന അപകടത്തെ മനക്കരുത്തുകൊണ്ട് തടഞ്ഞ രേഷ്‌ന എന്ന യുവതിക്ക് അഭിനന്ദനം. കെഎസ്ആർടിസി ബസ് സ്വയം സ്റ്റാർട്ടായി മുന്നോട്ട് നീങ്ങിയപ്പോൾ ധൈര്യം സംഭരിച്ച് കമ്പിക്ക് അടിയിലൂടെ നൂണ്ട് കയറി ബ്രേക്ക് ചവിട്ടി നിർത്തുകയായിരുന്നു ഈ യുവതി ഇന്നലെ രാവിലെ എറണാകുളം ബസ് സ്റ്റാഡിലാണ് സംഭവം.

കലൂർ – പേരണ്ടൂർ റോഡിൽ പാവക്കുളം ക്ഷേത്രത്തിന് സമീപം ദർശന അപ്പാർട്ട്‌മെന്റിലെ റെയിൽവേ ജീവനക്കാരൻ അരുണിന്റെ ഭാര്യയാണ് രേഷ്‌ന. ഇവരുടെ സമയോചിത ഇടപെടലാണ് നിരവധി ജീവനുകൾ കാത്തത്.

തുറവൂരിൽ സ്വന്തം ടെക്‌സ്‌റ്റൈൽ ഷോപ്പായ ബ്‌ളൂബെറിയിലേക്ക് പോകാൻ എറണാകുളം സ്റ്റാൻഡിൽ എട്ടരയോടെ എത്തിയതായിരുന്നു രേഷ്‌ന. ഭർത്താവ് അരുണിനൊപ്പമാണ് സ്റ്റാൻഡ് വരെ എത്തിയത്. പിന്നീട് ആലപ്പുഴയിലേക്ക് പോകാൻ കിടന്ന ഫാസ്റ്റ് പാസഞ്ചറിൽ കയറി മുന്നിലെ സീറ്റിൽ ഇരുന്നു. ഇരുപതോളം യാത്രക്കാരും ബസിലുണ്ടായിരുന്നു. പെട്ടെന്നാണ് ബസ് പതിയെ ചലിച്ച് സ്റ്റാർട്ടായി മുന്നോട്ട് നീങ്ങിയത്. സ്റ്റാൻഡിലെ തറയുടെ നേരിയ ചരിവുമൂലമാകും ബസ് നീങ്ങിയതും അബദ്ധത്തിൽ സ്റ്റാർട്ടായതുമെന്നാണ് കരുതുന്നത്.

ALSO READ- കടൽ കാണാനായി കാറിൽ നിന്നിറങ്ങി; കൊണ്ടുപോയത് മരണം; രണ്ട് അപകടങ്ങളിലായി പൊലിഞ്ഞത് മൂന്ന് ജീവനുകൾ

ഇതോടെ ബസിലെ സ്ത്രീകൾ അലമുറയിട്ടു. രേഷ്‌ന ഉടൻ മുന്നിലെ കമ്പിയുടെ അടിയിലൂടെ നൂണ്ട് കയറി ഡ്രൈവർ സീറ്റിനരികിൽ നിന്ന് ബ്രേക്ക് ചവിട്ടി ബസ് നിർത്തുകയായിരുന്നു. അപ്പോഴേക്കും ഇരുപത് മീറ്ററോളം മുന്നോട്ട് നീങ്ങിയിരുന്നു ബസ്. യാത്രികർ കാത്തുനിൽക്കുന്ന കെട്ടിടത്തിന് തൊട്ടുമുന്നിലെത്തുകയും ചെയ്തിരുന്നു. രേഷ്‌നയുടെ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ വലിയ അപകടം സംഭവിച്ചേനെ.

ഇതുകണ്ട് സ്റ്റാൻഡിലുണ്ടായിരുന്ന ഡ്രൈവർമാരും കണ്ടക്ടർമാരും ഓടിയെത്തി. ഒരാൾ അകത്ത് കയറി ബസ് ഓഫ് ചെയ്തു. യാത്രക്കാരും ജീവനക്കാരും ചേർന്ന് രേഷ്‌നയെ അഭിനന്ദിച്ചു. ഡ്രൈവിംഗ് അറിയാത്തയാളാണ് രേഷ്‌നയെന്നതും കൗതുകകരമായി. പക്ഷെ ബ്രേക്ക് ഏതാണെന്ന് നേരത്തേ തന്നെ അറിയാം. അടിയന്തരഘട്ടങ്ങളിൽ മനോധൈര്യത്തോടെ കാര്യങ്ങൾ നേരിടുന്നയാളാണ് രേഷ്‌നയെന്ന് അരുൺ പറഞ്ഞു. നിലമ്പൂർ സ്വദേശിനിയാണ്. ചിന്മയ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി അർണവ് മകനാണ്.

Exit mobile version