കൊച്ചി: നടി റിമ കല്ലിങ്കല്‍ നല്‍കിയ ഹര്‍ജിയില്‍ എഎംഎംഎയ്ക്കും സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് പരാതി പരിഹാര സമിതി രൂപീകരിക്കുന്നില്ലന്ന ഹര്‍ജിയിലാണ് കോടതി നടപടി.
തൊഴിലിടങ്ങളിലെ ലൈംഗികപീഡനം നേരിടാന്‍ എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക സമിതി രൂപീകരിക്കണമെന്ന സുപ്രിംകോടതി വിധി താരങ്ങളുടെ സംഘടനയായ അമ്മയില്‍ നടപ്പാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
ഹര്‍ജിയില്‍ സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. 24നകം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ അമ്മ സ്വീകരിക്കാത്തതിനാല്‍ ലൈംഗിക അതിക്രമത്തിന് ഇരയാവുന്നവര്‍ക്ക് യാതൊന്നും ചെയ്യാനാവുന്നില്ലെന്ന് ഹര്‍ജിക്കാര്‍ പറയുന്നു.
അമ്മയുടെ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം നേരിടാനായി 2013ല്‍ പാര്‍ലമെന്റ് പ്രത്യേക നിയമം കൊണ്ടുവന്നിരുന്നു.
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നിരവധി തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയാവുന്നു എന്ന വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലം പ്രത്യേകം പരിശോധിക്കണം. ഇതെല്ലാം പരിഗണിച്ച് പൊതുസമ്മതരായ വ്യക്തികള്‍ അടങ്ങിയ പ്രത്യേക സമിതി അമ്മയില്‍ വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
Discussion about this post