ഒരേ ദിശയിൽ സഞ്ചരിച്ച ലോറിയുടെ അടിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ; കാരണം ബാഗ് കുടുങ്ങിയതോ? ഇരട്ടസഹോദരന്മാർ മരിച്ച കേസിൽ അന്വേഷണം

പാലക്കാട്: എറണാകുളം സ്വദേശികളായ ഇരട്ടസഹോദരന്മാർ സ്‌കൂട്ടർ ലോറിക്കടിയിൽപെട്ടുണ്ടായ അപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം. ബുധനാഴ്ച രാത്രി കഞ്ചിക്കോട് ചടയൻകാലായയിൽ വെച്ചാണ് ലോറിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ സഹോദരങ്ങൾ മരിച്ചത്.

അപകടത്തിൽ ലോറിഡ്രൈവർ നാമക്കൽ സ്വദേശി രാജശേഖരന്റെ പേരിൽ പാലക്കാട് കസബപോലീസ് കേസെടുത്തെങ്കിലും ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും കൂടുതൽ ദൃക്സാക്ഷികളോട് ചോദിച്ചറിഞ്ഞും വ്യക്തതതേടാനുള്ള ശ്രമത്തിലാണ് പോലീസ്. ശേഷമായിരിക്കും വകുപ്പുകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുക.

സ്‌കൂട്ടറിന്റെ നിയന്ത്രണംവിട്ട് ലോറിക്ക് മുന്നിൽ അകപ്പെട്ടതാണെന്ന ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ബുധനാഴ്ച രാത്രി 9.15-നാണ് എറണാകുളം പുത്തൻകുരിശിനു സമീപം വടവുകോട് വില്ലയിൽ കൈമണ്ണിൽ ജോണിന്റെ മക്കളായ ദീപക് മാത്യു ജോൺ (35), ദീപുജോൺ (35) എന്നിവർ ദേശീയപാതയിൽ സ്‌കൂട്ടർ കോൺക്രീറ്റ് മിക്‌സർ ലോറിയിടിച്ച് മരിച്ചത്. സോളാർപാനൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പണികൾക്കായി പോണ്ടിച്ചേരിയിൽപ്പോയി തിരിച്ചുവരികയായിരുന്നു ഇരുവരും.

ALSO READ- ലോക്‌സഭയിൽ ഡസ്‌കിൽ ചാഞ്ഞ് കിടന്ന് സുപ്രിയ സുലേയോട് ‘സൊള്ളി’ ശശി തരൂർ എന്ന് സോഷ്യൽമീഡിയ; വിശദീകരിച്ച് തരൂർ

അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങളും ഒരേദിശയിലാണ് സഞ്ചരിച്ചിരുന്നത്. സ്‌കൂട്ടർ വലതുവശത്ത് പോയിക്കൊണ്ടിരിക്കയായിരുന്ന ലോറിയുടെ മുന്നിലേക്ക് നിയന്ത്രണംവിട്ട് പോവുകയായിരുന്നെന്നാണ് ലോറിയുടെ പിന്നിലുണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവർ നൽകിയ മൊഴി. ഇതെങ്ങനെ സംഭവിച്ചെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ദീപക് ജോണാണ് സ്‌കൂട്ടറോടിച്ചത്. സ്‌കൂട്ടറിന്റെ മുൻവശത്ത് ഒരു ബാഗുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ബാഗ് സ്‌കൂട്ടറിന്റെ ഹാൻഡിലിൽ തട്ടുകയോ ഹാൻഡിലിനിടയിൽ കുടുങ്ങുകയോ ചെയ്തതാവാം അപകടകാരണമെന്നാണ് നിഗമനം. ഇക്കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ഈ കാര്യവും അന്വേഷിക്കുന്നുണ്ട്. അപകടമുണ്ടാക്കിയ ലോറിയെയും ഡ്രൈവറെയും ബുധനാഴ്ച രാത്രിതന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

ALSO READ- കൈക്കൂലി വാങ്ങാൻ കൂട്ടുനിന്നില്ല; ഓഫീസിൽ ഒറ്റപ്പെട്ടു, ഉദ്യോഗസ്ഥരിൽ നിന്നും മാനസിക പീഡനം; മാനന്തവാടിയിലെ ആർടി ഓഫീസ് ജീവനക്കാരിയുടെ ആത്മഹത്യയിൽ അന്വേഷണം

അപകടത്തിൽമരിച്ച ദീപക് മാത്യു ജോൺ (35), ദീപുജോൺ എന്നിവരുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ജിൻസിയാണ് ദീപക് ജോണിന്റെ ഭാര്യ. മകൻ: ആരോൺ. ദീപു ജോൺ അവിവാഹിതനാണ്.

Exit mobile version