താമസം വാടകവീട്ടില്‍: 18 ലക്ഷത്തിന് ആയിരത്തിലേറെ നിര്‍ധന കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്ത് തട്ടുകടക്കാരന്‍; നന്മയുടെ മുഖമായി യാസര്‍

നിലമ്പൂര്‍: കാരുണ്യം വറ്റാത്ത നന്മയുടെ മുഖമായി തട്ടുകടക്കാരന്‍ കല്ലിങ്കല്‍ യാസര്‍. തന്റെ ഉപജീവനമാര്‍ഗമായ തട്ടുകടയിലെ വരുമാനത്തില്‍ നിന്നൊരു പങ്കുകൊണ്ട് അന്നമൂട്ടുകയാണ് യാസര്‍. ഈ വര്‍ഷം യാസര്‍ വിതരണം ചെയ്തത് 18 ലക്ഷം രൂപയുടെ റമദാന്‍ കിറ്റുകളാണ്. 1500 കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

നിലമ്പൂര്‍ ചന്തക്കുന്നിലാണ് യാസറിന്റെ കല്യാണപ്പുര എന്ന തട്ടുകട. തട്ടുകടയില്‍ എപ്പോഴും പുതുവിഭവങ്ങളുമായി ജനങ്ങളെ സല്‍ക്കരിക്കുന്ന യാസര്‍ ഓരോ വര്‍ഷവും തനിക്ക് ലഭിക്കുന്ന ലാഭം റമദാന്‍ ആരംഭിക്കുന്നതിന് മുമ്പേ വിതരണം ചെയ്യുകയാണ് പതിവ്.

പിതാവ് സൈതാലിയുടെ പേരില്‍ ആരംഭിച്ച കല്ലിങ്കല്‍ സൈതലവി ഫൗണ്ടേഷനും കല്യാണപ്പുര തട്ടുകടയും ചേര്‍ന്ന് ഈ വര്‍ഷം 18 ലക്ഷം രൂപയുടെ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഇപ്പോഴും വാടകവീട്ടില്‍ താമസിക്കുന്ന യാസര്‍ ഓരോ വര്‍ഷം തനിക്ക് നല്‍കാന്‍ കഴിയുന്ന കാരുണ്യത്തിന്റെ തോത് വലുതാക്കാന്‍ കഴിയണമെന്നാണ് ആഗ്രഹിക്കുന്നത്.

‘പുണ്യമാസത്തില്‍ ഒരു കൈത്താങ്ങ്’ എന്ന പേരില്‍ നടന്ന ചടങ്ങ് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. അലി ഫൈസി മൗലവി, മുജീബ് ദേവശ്ശേരി, നാണിക്കുട്ടി കൂമഞ്ചേരി, മഠത്തില്‍ കബീര്‍, എരഞ്ഞിക്കല്‍ ബാബു, സക്കീര്‍ പെരിങ്ങാത്തോടി, റിയാസ് ചന്തക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു. പരിപാടി ഉദ്ഘാടനം ചെയ്ത ആര്യാടന്‍ ഷൗക്കത്താണ് യാസറിന്റെ നന്മ പുറംലോകത്തെ അറിയിച്ചത്.

Exit mobile version