തളിപ്പറമ്പ്: മെയിന്‍ റോഡിലേക്ക് പാഞ്ഞെത്തി കെഎസ്ആര്‍ടിസി ബസ്സിടിച്ച് തകര്‍ന്ന സൈക്കിളും അത്ഭുതകരമായി രക്ഷപ്പെട്ട ഷാദു റഹ്മാനും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തലനാരിഴയ്ക്കാണ് മൂന്നാംക്ലാസ്സുകാരന്‍ ഷാദു റഹ്മാന് രക്ഷപ്പെട്ടത്.
ഷാദുവിന് അപകടമൊന്നും സംഭവിച്ചില്ലെങ്കിലും ബസ് കയറി സൈക്കിള്‍ പൂര്‍ണമായും തകര്‍ന്നുപോയിരുന്നു. പുതിയ സൈക്കിള്‍ സമ്മാനിച്ചിരിക്കുകയാണ് തളിപ്പറമ്പിലെ വ്യാപാരികള്‍.
പുത്തന്‍ സൈക്കിള്‍ നഷ്ടപ്പെട്ടതിന്റെ വേദനയിലായിരുന്നു കുഞ്ഞ് ഷാദുല്‍. സൈക്കിള്‍ തകര്‍ന്നതിലുള്ള കുട്ടിയുടെ നിരാശയകറ്റാനും സൈക്കിള്‍ യാത്ര സംബന്ധിച്ച് ബോധവത്കരണത്തിനുമായിട്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പുതിയ സൈക്കിള്‍ നല്‍കിയത്. കഴിഞ്ഞ ദിവസമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയ സൈക്കിള്‍ സമ്മാനിച്ചത്.
കുറുമാത്തൂര്‍ താഴെ ചെറുക്കളയില്‍ വെച്ച് മാര്‍ച്ച് 20-നാണ് ഷാദു റഹ്മാന് അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവം സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറ വഴിയാണ് അത്ഭുതരക്ഷപ്പെടല്‍ പുറംലോകം കാണാനിടയായത്.
ഷാദു ഓടിച്ച സൈക്കിള്‍ നിയന്ത്രണംവിട്ട് സംസ്ഥാന പാതയില്‍ കയറി മോട്ടോര്‍ സൈക്കിളില്‍ തട്ടി മറിഞ്ഞുവീണിട്ടും റോഡിനപ്പുറത്തേക്ക് തെറിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന ബസ് കയറി സൈക്കിള്‍ പൂര്‍ണമായി തകരുകയും ചെയ്തു.
Discussion about this post