കോന്നി: ആറു മാസങ്ങള്‍ക്ക് മുമ്പ് വനത്തിനുള്ളിലേക്ക് പോയതാണ് സജിയുടെ അച്ഛനും അമ്മയും. ഇന്ന് നാലു വയസ്സുകാരന് സജിയ്ക്ക് എല്ലാമെല്ലാമാണ് അറുപത്തിരണ്ടുകാരി ഓമനയമ്മ.
കൊക്കാത്തോട് ആദിവാസി കോളനിയിലെ സുനിത-ശശി ദമ്പതികള്‍ ആറു മാസങ്ങള്‍ക്ക് മുമ്പ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ വനത്തിലേക്ക് പോയതാണെങ്കിലും ഇതുവരെ തിരികെയെത്തിയിട്ടില്ല.
കാണാതാകുമ്പോള്‍ മാതാവ് സുനിത പൂര്‍ണ ഗര്‍ഭിണിയുമായിരുന്നു. ഇരുവരെയും കാണാതായത് അറിഞ്ഞ നിമിഷം മുതല്‍ സജിയെ പൊന്നുപോലെ നോക്കുന്നത് കോട്ടാമ്പാറ ഗിരിജന്‍ കോളനിയിലെ ഓമനയമ്മയാണ്. അവന്റെ അച്ഛനും അമ്മയും ഇല്ലെന്നത് അറിയിക്കാതെയാണ് ഓമനയമ്മ അവനെ കരുതലേകുന്നത്.
കുട്ടിയുടെ അനാഥത്വം അംഗന്‍വാടി മുഖേന ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിഞ്ഞെത്തിയെങ്കിലും ”എന്റെ കാലശേഷം പൊന്നുമോന് സജിയേ ഏറ്റെടുത്തു കൊള്ളൂ” എന്ന ഓമനയമ്മയുടെ ദൃഢനിശ്ചയത്തോടെയുള്ള വാക്കുകള്‍ കേട്ട് അവര്‍ മടങ്ങി.
ഇപ്പോള്‍ ഗ്രാമപഞ്ചായത്ത് അംഗം ജോജു, പിന്നീട് ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ നിരന്തര ഇടപെടലും സഹായവും സജിയുടെയും ഓമനയമ്മയുടെയും കാര്യത്തിലുണ്ട്. സുനിത-ശശി ദമ്പതികളുടെ മകനായ സജിയുടെ ജനനം യാത്രാ മധ്യേ വാഹനത്തില്‍ വെച്ചായിരുന്നു.
പ്രസവവേദനയെ തുടര്‍ന്ന് കൊക്കാത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തും മുമ്പേ പിറന്ന കുഞ്ഞാണ് സജി. മാതാപിതാക്കളുടെ സ്നേഹം കൂടുതല്‍ വേണ്ട പ്രായത്തിലാണ് ഇരുവരെയും നഷ്ടമായത്. കാണാതായ ശേഷം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
മൂന്നാഴ്ചകള്‍ക്ക് മുമ്പ് കോട്ടാമ്പാറയില്‍ നിന്ന് 15 കിലോമീറ്റര്‍ ഉള്‍വനത്തില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയെങ്കിലും മരണപ്പെട്ടത് സജിയുടെ മാതാപിതാക്കളാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post