ഒരു പരാതിയുമില്ല! എന്ത് കാട്ടിയാലും നൊന്ത് പ്രസവിച്ച മകനോട് സ്‌നേഹം മാത്രമേ ഉള്ളൂ; ഗാന്ധിഭവനില്‍ അഭയം തേടിയ അമ്മയെ കൂട്ടിക്കൊണ്ടുപോകാന്‍ മകനെത്തി, പ്രാര്‍ത്ഥന സഫലമായ സന്തോഷത്തില്‍ അമ്മിണിയമ്മ

ആലപ്പുഴ: രണ്ടര വര്‍ഷം മുന്‍പ് ഗാന്ധിഭവനില്‍ അഭയം തേടിയ അമ്മയെ തേടി മകന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുമാരപുരം എരിക്കാവ് കണ്ടത്തില്‍ കിഴക്കതില്‍ അമ്മിണി (73)യാണ് മകന്‍ മധുവിന്റെ വരവും കാത്ത് ആഗ്രഹങ്ങള്‍ മനസ്സില്‍ ഒതുക്കി കഴിഞ്ഞിരുന്നത്.

തന്റെ കുടുംബത്തെക്കാളും സ്‌നേഹവും കരുതലും സ്‌നേഹവീട്ടില്‍ നിന്ന് ലഭിച്ചെന്ന് അമ്മിണി നിറകണ്ണുകളോടെ പറഞ്ഞു. പത്ത് മാസം നൊന്ത് പ്രസവിച്ച മകനോട് ഒരു പരാതിയുമില്ല. എന്നോട് എന്ത് കാട്ടിയാലും അവനോട് സ്‌നേഹം മാത്രമേ ഉള്ളു എന്ന് അമ്മിണി കൂട്ടിച്ചേര്‍ത്തു.

2019ലാണ് കാര്‍ത്തികപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ അദാലത്ത് ഉത്തരവ് പ്രകാരം ചെറുതന ഗാന്ധിഭവന്‍ സ്‌നേഹവീട് അമ്മിണി അമ്മയ്ക്ക് സംരക്ഷണം നല്‍കിയത്.

മകന്‍ വേണ്ട പരിചരണം നല്‍കുന്നില്ലെന്നും ഗാന്ധിഭവനില്‍ പോകണം എന്നും കാണിച്ചു അമ്മിണി ഹരിപ്പാട് കോടതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ നടന്ന അദാലത്തില്‍ മകന്‍ അമ്മയെ സംരക്ഷിക്കുന്നതില്‍ താല്പര്യം കാണിക്കാതെ വന്നപ്പോള്‍ കോടതി ഉത്തരവ് പ്രകാരം ഗാന്ധിഭവന്‍ സംരക്ഷണം ഏറ്റെടുത്തു. ഗാന്ധിഭവന്റെ നേതൃത്വത്തില്‍ ആന്‍ജിയോ പ്ലാസ്റ്റി ചികിത്സയും നടത്തി.

കഴിഞ്ഞ രണ്ടര വര്‍ഷമായി മകന്‍ മനസ്സ് മാറി കൂട്ടികൊണ്ട് പോകും എന്ന പ്രാര്‍ത്ഥനയില്‍ ആയിരുന്നെന്ന് അമ്മിണി പറയുന്നു. ഇപ്പോള്‍ ആ പ്രാര്‍ത്ഥന യാഥാര്‍ഥ്യമായ സന്തോഷത്തിലാണ് അമ്മിണിയമ്മ.

രണ്ടരവര്‍ഷമായി സ്വന്തം കുടുംബാംഗമായി കണ്ട അമ്മിണിയെ പിരിയുന്ന വേദനയിലാണ് ഗാന്ധിഭവന്‍ അന്തേവാസികളും. സ്‌നേഹവീട് ഡയറക്ടര്‍ മുഹമ്മദ് ഷെമീര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അമ്മിണിയെ മധുവിന്റെ കയ്യില്‍ ഏല്‍പ്പിച്ചു.

Exit mobile version