പരപ്പനങ്ങാടി: മലപ്പുറത്ത് അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്റഫ് എന്നയാളാണ് പിടിയിലായത്. മൂന്നാം തവണയാണ് ഈ അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റിലാകുന്നത്. പരപ്പനങ്ങാടി, കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ അധ്യാപകനായിരിക്കെയാണ് അഷ്റഫ് മുന്‍പ് പോക്സോ കേസുകളില്‍ അറസ്റ്റിലായത്.
ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസുകളിലാണ് മൂന്ന് തവണയും അറസ്റ്റ്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിനാണ് എല്‍പി വിഭാഗം അധ്യാപകനായ അഷ്റഫ് ഇത്തവണ അറസ്റ്റിലായത്.
2012-ല്‍ പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലും സമാനമായ കുറ്റകൃത്യത്തിന് ഇയാള്‍ അറസ്റ്റിലായിരുന്നു. അമ്പതോളം വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തെന്നായിരുന്നു അന്നത്തെ പരാതി. 2012-ല്‍ പോക്സോ നിയമം ഇല്ലാത്തതിനാല്‍ ഐപിസി 377 വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. അഞ്ചുവര്‍ഷത്തിന് ശേഷം ഈ കേസില്‍ അധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി.
പിന്നീട് 2018-ല്‍ കരിപ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലാണ് അഷ്റഫ് ജോലിചെയ്തിരുന്നത്. 2019-ല്‍ ഈ സ്‌കൂളിലും അധ്യാപകനെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുയര്‍ന്നു. തുടര്‍ന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം അഷ്റഫ്, വീണ്ടും സര്‍വീസില്‍ തിരികെ പ്രവേശിച്ചെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് താനൂരിലെ സ്‌കൂളില്‍നിന്നും സമാനമായ പരാതി ഉയര്‍ന്നത്.
പോക്സോ കേസില്‍ ഉള്‍പ്പെട്ടയാള്‍ വീണ്ടും സ്‌കൂളില്‍ ജോലി ചെയ്യാനിടയായ സാഹചര്യമാണ് ഈ സംഭവത്തിലെ പ്രധാന ചോദ്യം. കരിപ്പൂരിലെ പോക്സോ കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് അഷ്റഫ് വീണ്ടും സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്. പുതിയ സ്‌കൂളിലും ഇയാള്‍ക്കെതിരേ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതോടെയാണ് നേരത്തെയുള്ള കേസുകള്‍ സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്.