തിരുവനന്തപുരം: ഹലാല്‍ വിഷയത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് വ്യക്തമാക്കി ബിജെപി നേതൃത്വം. വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ കടുത്തതോടെ താന്‍ പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി സന്ദീപ് ജി വാര്യര്‍ രംഗത്തെത്തി. അതേസമയം, സന്ദീപ് വാര്യരെ തള്ളി കെ സുരേന്ദ്രനും രംഗത്തെത്തി.
ഹലാല്‍ ഭക്ഷണത്തിനുപിന്നില് തീവ്രവാദ ശക്തികളാണെന്ന് കെ. സുരേന്ദ്രന് പറഞ്ഞു. ഇതോടെയാണ് ഹലാല്‍ വിവാദത്തില്‍ താന്‍ നേരത്തെ ഇട്ട ഫേയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് സന്ദീപ് അറിയിച്ചത്. ഹലാല്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത് നിഷ്കളങ്കമായല്ലെന്നും ഹലാല്‍ സംസ്കാരം ഉണ്ടാക്കുന്നതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും കെ. സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട്ടെ പ്രമുഖ റസ്റ്റോറന്റിനെതിരെ മത മൗലികവാദികള്‍ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ ആക്രമണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചതെന്നും സന്ദീപ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. തന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങള്‍ അത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കുകയും പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയതോടെ നേരത്തെ ഇട്ട പോസ്റ്റ് പിന്‍വലിക്കുകയാണെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post