മോഡലുകളുടെ അപകടമരണം: ഹോട്ടലുടമ റോയ് വയലാറ്റിനും 5 ജീവനക്കാരും അറസ്റ്റില്‍

കൊച്ചി: മോഡലുകളായ ആന്‍സിയുടെയും അഞ്ജനയുടെയും മരണവുമായി ബന്ധപ്പെട്ട് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. റോയ് ഉള്‍പ്പടെ ആറു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നമ്പര്‍ 18 ഹോട്ടലിലെ 5 ജീവനക്കാരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് നടപടിയെന്നാണ് പ്രാഥമിക വിവരം.

ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടത്തിയതിന് തെളിവുണ്ടായിരുന്ന രണ്ട് ഹാര്‍ഡ് ഡിസ്‌കില്‍ ഒന്ന് മാത്രമാണ് റോയ് പോലീസിന് നല്‍കിയത്. ഇതില്‍ വേണ്ടത്ര ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് രണ്ടാമത്തെ ഹാര്‍ഡ് ഡിസ്‌ക്കിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് റോയ് ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതായി പോലീസ് കണ്ടെത്തിയത്. ഹോട്ടലിലെ മറ്റു രണ്ടു ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

അതേസമയം മരണത്തില്‍ സംശയമുണ്ടെന്നോരോപിച്ച് കുടുബം രംഗത്തെത്തിയിരുന്നു. ഹോട്ടലില്‍ ഉണ്ടായ പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചത് എന്തിനാണെന്ന് അറിയണമെന്നും ആവശ്യപ്പെട്ട് ആന്‍സി കബീറിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. ഔഡി കാര്‍ പിന്തുടര്‍ന്നത് എന്തിനാണെന്ന് കണ്ടെത്തണം. ഇതുവരെയുള്ള പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും കുടുംബം വ്യക്തമാക്കി.

Exit mobile version