ശബരിമല: ശബരിമലയിലെ ഹലാല്‍ ശര്‍ക്കര ഉപയോഗത്തിനെതിരെ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി. ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്ജെആര്‍ കുമാറിന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ചുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. വിദേശത്തേക്ക് കയറ്റി അയക്കുന്ന ശര്‍ക്കരയാണ് ഉപയോഗിക്കുന്നതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം. അറബ് രാജ്യങ്ങളിലേക്കുള്‍പ്പെടെ കയറ്റുമതി ചെയ്യുന്ന ശര്‍ക്കരയായതിനാലാണ് ഹലാല്‍ സ്റ്റിക്കറെന്നും ബോര്‍ഡ് വ്യക്തമാക്കി.
ശബരിമലയില്‍ അരവണ പ്രസാദത്തിന് ഉപയോഗിക്കുന്നതിനായി എത്തിച്ചിരിക്കുന്നത് ഹലാല്‍ മുദ്ര പതിപ്പിച്ച ശര്‍ക്കര പാക്കറ്റുകള്‍ ആണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സംഘടനകളും രംഗത്ത് വന്നിരുന്നു. ദേവസ്വം ബോര്‍ഡ് ശബരിമലയിലേക്ക് ശര്‍ക്കര വാങ്ങുന്നത് സ്വകാര്യ കമ്പനികളില്‍ നിന്നാണ്. ഹലാല്‍ മുദ്ര പതിപ്പിച്ച ശര്‍ക്കര പാക്കറ്റുകളാണ് പമ്പയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്നത്.
അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശര്‍ക്കരയാണ് ഉപയോഗിക്കുന്നത്. സ്വകാര്യ കമ്പനിക്കാണ് ശര്‍ക്കര എത്തിക്കുന്നതിനുള്ള ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കരാര്‍ ഏറ്റെടുത്തിരുന്ന അതേ സ്വകാര്യ കമ്പനി തന്നെയാണ് ഈ വര്‍ഷവും ടെന്‍ഡര്‍ ഏറ്റെടുത്തിരിക്കുന്നത്.
Discussion about this post