കൊച്ചി: നടന് ജോജു ജോര്‍ജിന്റെ കാര്‍ അടിച്ച് തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കസ്റ്റഡിയിലെടുത്തു. എറണാകുളം വൈറ്റില സ്വദേശി പിജി ജോസഫാണ് കസ്റ്റഡിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. ആക്രമണത്തിനിടെ ജോസഫിന്റെ കൈ മുറിഞ്ഞിരുന്നു.
കൊച്ചിയിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്ധന വില വര്‍ധനവിനെതിരെ വൈറ്റില-ഇടപ്പള്ളി ദേശീയപാത ഉപരോധിച്ചതാണ് കേസ്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി.
കാറിന്റെ പിന്‍ഭാഗത്തെ ചില്ലാണ് അടിച്ചുതകര്‍ത്തത്. ഇതിനിടെ ജോസഫിന്റെ വലതുകൈയിലും മുറിവേറ്റിരുന്നു. എന്നാല്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടാതെ മറ്റൊരു രഹസ്യകേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. രക്തസാംപിള്‍ അടക്കം പോലീസ് ശേഖരിച്ചു.
ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് കഴിഞ്ഞദിവസം അക്രമികള്‍ അടിച്ചുതകര്‍ത്തത്. പോലീസ് എഫ്.ഐ.ആര് പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് കാറിനുണ്ടായിരിക്കുന്നത്. കേസിലെ പ്രതിയെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.
സംഘര്‍ഷ സ്ഥലത്തുണ്ടായിരുന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പട്ടിക തയ്യാറാക്കി അറസ്റ്റിനൊരുങ്ങുകയാണ് പോലീസ്. ഇതിനായി ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുളള സംഘം തിരച്ചില്‍ തുടങ്ങിക്കഴിഞ്ഞു. സംഘര്‍ഷ ദൃശ്യങ്ങള്‍ ജോജുവിനെ കാണിച്ച് വീണ്ടും മൊഴി രേഖപ്പെടുത്തും.
Discussion about this post