കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ അതിശക്തമായ മഴ തുടരുന്നു. മലയോര മേഖലകളില്‍ പലയിടത്തും ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി. കനത്ത മഴ തുടരുന്നതിനെ തുടര്‍ന്ന് മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദശങ്ങളിലെ താഴ്ന്ന ഇടങ്ങള്‍ വെള്ളത്തിനടിയിലായി. വനാതിര്‍ത്തിയില്‍ ഉരുള്‍ പൊട്ടലുണ്ടായെന്ന് ആശങ്ക. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടിവാരം ടൗണില്‍ വലിയ തോതില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായെന്നാണ് വിവരം.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വൈകിട്ട് പുറത്തു വിട്ട മുന്നറിയിപ്പ് അനുസരിച്ച് കോഴിക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വ്യാഴാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മലയോര മേഖലയിലേക്കും പ്രത്യേകിച്ച് ചുരത്തിലേക്കുള്ള യാത്രകളും രാത്രി യാത്രകളും പരമാവധി ഒഴിവാക്കേണ്ടതാണെന്നും ജനങ്ങള്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
കോഴിക്കോട് കക്കയത്ത് മൂന്ന് മണിക്കൂറില്‍ 102 mm മഴ ലഭിച്ചെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് അടിവാരം മേഖല വെള്ളത്തിലായി. കുറ്റ്യാടി – മാനന്തവാടി ചുരം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
ചുരത്തിലെ മുളവട്ടം ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തിലെ തോരാട് മലയിലും മണ്ണിടിച്ചിലുണ്ടായി. ജലാലുദ്ദീന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
Discussion about this post