ആന്‍സി കബീറിന് കണ്ണീരോടെ വിട നല്‍കി നാട്: ഏകമകളെ അവസാനമായി കാണാനാകാതെ റസിയ; ഖത്തറില്‍ നിന്നെത്തിയ പിതാവിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊച്ചിയില്‍ വാഹന അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള ആന്‍സി കബീറിന് കണ്ണീരോടെ വിട നല്‍കി നാട്. ആന്‍സി കബീറിന്റെ മൃതദേഹം ആറ്റിങ്ങല്‍ ആലംങ്കോട് ജുമാ മസ്ജിദ്ദില്‍ കബറിസ്ഥാനില്‍ സംസ്‌കരിച്ചു.

ഇന്ന് രാവിലെ കൊച്ചിയില്‍ നിന്നും ആലംങ്കോട്ടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധിപ്പേര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു. ആന്‍സിയുടെ ആകസ്മികമായ മരണത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച അമ്മ റസിയ ഇപ്പോഴും ആശുപത്രിയിലാണ്.

ആലംങ്കോട് ഗ്രാമത്തിലെ മിടുക്കിയായ പെണ്‍കുട്ടിയായിരുന്നു ആന്‍സി. പഠനത്തില്‍ മിടുക്കി, സ്വപ്നങ്ങളെ പിന്തുടര്‍ന്നുള്ള യാത്ര വിജയകരമായി മുന്നേറുന്നതിനിടെയാണ് മരണം ആന്‍സിയയെ തട്ടിയെടുത്തത്. കൊച്ചിയില്‍ നിന്നും മൃതദേഹം ആലങ്കോട്ടെ ആന്‍സി കോട്ടേജ് എന്ന വീട്ടിലേക്ക് എത്തിച്ചപ്പോള്‍ ഹൃദയഭേദകമായിരുന്നു കാഴ്ചകള്‍. കൊച്ചിയില്‍ നിന്നും മകളുടെ മൃതദേഹം വീട്ടില്‍ എത്തിച്ച ശേഷമാണ് അച്ഛന്‍ കബീര്‍ ഖത്തറില്‍ നിന്നും എത്തിയത്. ഏകമകളുടെ മൃതദേഹം കണ്ട് തകര്‍ന്ന കബീറിനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും സാധിച്ചില്ല.

മകളുടെ പെട്ടെന്നുള്ള വേര്‍പാട് താങ്ങനാകാതെ ആതമഹത്യക്ക് ശ്രമിച്ച അമ്മ റസിയക്ക് പക്ഷേ മകളെ അവസാനമായി കാണാനായില്ല. സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് റസിയ ഇപ്പോഴും. നാട്ടുകാരും സുഹൃത്തുക്കളും അന്‍സിയ്ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു. പിന്നീട് സംസ്‌കാരത്തിനായി ആലങ്കോട് ജുമാമസ്ജിദ് കബറിസ്ഥാനിലേക്ക് മൃതേദഹം കൊണ്ടുപോയി.

തന്റെ സ്വപ്നങ്ങളെ പിന്തുടരുകയും 24 വയസ്സിനുള്ളില്‍ അവയില്‍ പലതും സാധ്യമാക്കുകയും ചെയ്ത അന്‍സി നിത്യനിദ്രയിലേക്ക് മടങ്ങുമ്പോള്‍ ആ വേര്‍പാട് ഉള്‍ക്കൊള്ളാനാവാതെ നില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.

ടെക്‌നോപാര്‍ക്കിലെ ഇന്‍ഫോസിസില്‍ ജീവനക്കാരിയായിരുന്ന ആന്‍സി കഴിഞ്ഞ ആഴ്ചയാണ് പാലക്കോണത്തെ വീട്ടില്‍ അവസാനമായി എത്തിയത്. വര്‍ഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമായിരുന്നു തിരുവനന്തപുരം സ്വദേശിനിയായ ആന്‍സിയും തൃശ്ശൂര്‍ സ്വദേശിനിയായ അഞ്ജനയും.

2019ലെ മിസ് കേരള മത്സരത്തില്‍ ആന്‍സി ഒന്നാം സ്ഥാനവും അഞജന രണ്ടാം സ്ഥാനവും നേടി. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും ആന്‍സി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരവധി പരസ്യ ചിത്രത്തിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യ മത്സരരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഇരുവരും.

ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ഫോര്‍ട്ട് കൊച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ എറണാകുളം ബൈപ്പാസില്‍ വൈറ്റിലയ്ക്ക് അടുത്താണ് അന്‍സിയും സുഹൃത്ത് അഞ്ജനയും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.
ഇവര്‍ സഞ്ചരിച്ച കാര്‍ മുന്നില്‍ പോകുകയായിരുന്ന ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് തലകീഴായിമറിഞ്ഞ് മരത്തില്‍ ഇടിച്ച് തകരുകയായിരുന്നു. അപകട സ്ഥലത്ത് വെച്ച് തന്നെ അന്‍സി കബീറും, അഞ്ജന ഷാജനും മരിക്കുകയായിരുന്നു.

Exit mobile version