തിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണം നടത്തുന്നതിനിടെ മോഷ്ടാവിനെ കൈയ്യോടെ പിടികൂടി പോലീസ്. പൊഴിയൂര്‍ സ്വദേശി അബിന്‍ (22) നെയാണ് തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്.
മോഷണശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വിദേശത്തിരുന്ന് തത്സമയം കണ്ട പ്രവാസി പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മോഷ്ടാവിനെ കൈയോടെ പിടികൂടിയത്.
തുമ്പ കുഞ്ചാലുംമൂട് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ മോഷണം നടത്തവെയാണ് മോഷ്ടാവിനെ പോലീസ് പിടികൂടിയത്. കഴിഞ്ഞ അര്‍ധരാത്രിയായിരുന്നു സംഭവം.
ക്ഷേത്രത്തിലെ ശ്രീകോവില്‍ തകര്‍ത്ത് അകത്തുകടന്ന് വിളക്കുകളും സാധനങ്ങളും കടത്തുന്നത് ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ വിദേശത്തിരുന്ന് തല്‍സമയം കാണുകയായിരുന്ന പ്രവാസി നാട്ടില്‍ പോലീസിനെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം മോഷ്ടാവിനെ അറസ്റ്റ് ചെയ്തു.
തുമ്പ സിഐ. ശിവകുമാര്‍, എസ്ഐ. ഇന്‍സാം, സിപിഒമാരായ സുരേഷ്കുമാര്‍, അനില്‍, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നിരവധി മോഷണ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Discussion about this post