ഇടമലയാറും ഇടുക്കിയും ഒരുമിച്ച് തുറക്കില്ല: മഴ തുടര്‍ന്നാല്‍ ഇടുക്കി തുറക്കേണ്ടിവരും; മന്ത്രി കെ കൃഷ്ണന്‍ കുട്ടി

ഇടുക്കി: ഇടുക്കി ഡാമും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. നിലവില്‍ ഓറഞ്ച് അലേര്‍ട്ട് ആണ് ഇടുക്കി ഡാമില്‍. 2397.18 അടിയാണ് ഇടുക്കി ഡാമിന്റെ ജലനിരപ്പ്. 2397.86 അടിയാകുമ്പോള്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും.

ശക്തമായ മഴ തുടരുകയാണെങ്കില്‍ ഡാം തുറക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. വളരെ വേഗത്തില്‍ ഡാം തുറക്കുന്നതിലേക്ക് കടക്കില്ല. എന്നാല്‍ ഇടമലയാറും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

ഡാമുകള്‍ തുറക്കുന്നതിന് 24 മണിക്കൂറിന് മുമ്പേ ഇത് സംബന്ധിച്ച് അറിയിപ്പ് പൊതു ജനങ്ങള്‍ക്ക് നല്‍കും. രാത്രി സമയത്ത് ഒരു കാരണവശാലും ഡാം തുറക്കരുത് എന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം.

2403 ആണ് ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി. ഇത് എത്തുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യമില്ല എന്നാണ് കെഎസ്ഇബി അധികൃതരും മന്ത്രിയും വ്യക്തമാക്കുന്നത്.

വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ തന്നെ നിലവില്‍ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ രണ്ട് ദിവസം ശക്തമായ മഴ ഉണ്ടായാല്‍ ഡാം തുറക്കേണ്ടി വരുമെന്നാണ് വിവരം.

Exit mobile version