നിയമത്തിന്റെ ഊരാക്കുടുക്കുകള്‍ പറഞ്ഞ് ഒന്നും നടക്കില്ല എന്ന നെഗറ്റീവ് സമീപനം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്: പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: നിയമത്തിന്റെ ഊരാക്കുടുക്കുകള്‍ പറഞ്ഞ് ഒന്നും നടക്കില്ല എന്ന് നെഗറ്റീവ് സമീപനം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

ഐലേണ്‍ ഐഎഎസ്, യുപിഎസ്‌സി ടോപ്പേഴ്സ് സമ്മിറ്റും റാങ്ക് ജേതാക്കള്‍ക്കുള്ള അനുമോദന സമ്മേളനവും തിരുവനന്തപുരം ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഹില്‍ ഇന്‍ ഹോട്ടലില്‍ ഗ്രാന്‍ഡ് ബാള്‍ റൂമില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സാധാരണ ജനങ്ങളില്‍ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന അവസരവും സാധ്യതയും ഉത്തരവാദിത്വവും ആണ് സിവില്‍ സര്‍വീസ് ജേതാക്കളായവര്‍ക്ക് ലഭിക്കുന്നത്. നിയമത്തിന്റെ ഊരാക്കുടുക്കുകള്‍ പറയാതെ, നിയമത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ജനങ്ങളെ സഹായിക്കും, അതിനു വേണ്ടി പരിശ്രമിക്കും എന്ന പ്രതിജ്ഞയാണ് സിവില്‍ സര്‍വീസിലേക്ക് പ്രവേശിക്കുമ്പോള്‍ പുതിയ തലമുറ സ്വീകരിക്കേണ്ടത് എന്നും മന്ത്രി ആവശ്യപ്പെട്ടു.

ചില സിനിമകള്‍ ഒക്കെ ഉണ്ടാക്കിയ ചിന്തകളുടെ ഭാഗമായി രാഷ്ട്രീയക്കാര്‍ എല്ലാം മോശമാണ് എന്ന ചില ധാരണ ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെങ്കിലും സൂക്ഷിക്കുന്നത് കാണാറുണ്ട്. എന്നാല്‍ സമൂഹത്തിലെ എല്ലാ മേഖലകളിലും ഉള്ളത് പോലെ ചില ജീര്‍ണ്ണതകള്‍ കണ്ടെത്താന്‍ കഴിയുമെങ്കിലും ഭൂരിപക്ഷം പേരും സമൂഹത്തിനു വേണ്ടി സമര്‍പ്പിത ജീവിതം നയിക്കുന്നവരാണ്.

സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് വേണ്ടി ഒറ്റ ലക്ഷ്യത്തോടെ, വിവേചനമില്ലാതെ, അഴിമതിരഹിതമായി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ഒരുമിച്ച് മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.

റാങ്ക് ജേതാക്കള്‍ തയ്യാറാക്കിയ ‘ഭാവി കേരളത്തിന് ‘വേണ്ടിയുള്ള ആശയങ്ങളും അഭിപ്രായങ്ങളും ഗൗരവമായി പരിശോധിച്ച് സ്വീകരിക്കാന്‍ കഴിയുന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം റാങ്ക് ജേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേരള ശുചിത്വ മിഷന്‍ ഡയറക്ടര്‍ എ മീര്‍ മുഹമ്മദ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. ലൈഫ് മിഷന്‍ സിഇഒയും കോപ്പറേറ്റിവ് സൊസൈറ്റി രജിസ്ട്രാറും ആയ പിബി നൂഹ് ഐഎഎസ്, കേരള ഐടി മിഷന്‍ ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഐഎഎസ്, ഐലേണിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും തിരുവനന്തപുരം സബ് കളക്ടര്‍ & സബ് ഡിവിഷണല്‍ മജിസ്ട്രേറ്റും ആയ മാധവികുട്ടി എംഎസ് ഐഎഎസ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഐലേണ്‍ ഐഎഎസില്‍ നിന്ന് പഠിച്ച് യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് ജേതാക്കള്‍ ആയ 35 പേരെയും ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് ആദരമേറ്റ് വാങ്ങിയ റാങ്ക് ജേതാക്കളുടെ മറുപടി പ്രസംഗം നടന്നു. ഡയറക്ടര്‍ ടിജെ എബ്രഹാം സ്വാഗതം രേഖപ്പെടുത്തിയ ചടങ്ങില്‍ ഡയറക്ടര്‍ മുഹമ്മദ് ഷിനാസ് നന്ദി രേഖപ്പെടുത്തി.

Exit mobile version