സ്‌കൂള്‍ വാഹനങ്ങളുടെ ഒരുവര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കി: ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്ന പശ്ചാത്തലത്തില്‍
സ്‌കൂള്‍ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

ഗതാഗത വകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള റോഡ് ടാക്സാണ് സര്‍ക്കാര്‍ എഴുതി തള്ളിയത്. കൂടാതെ കോണ്‍ട്രാക്ട് വാഹനങ്ങളുടെ നികുതി കുടിശിക അടയ്ക്കാനുള്ള സമയ പരിധി ഡിസംബര്‍ 31 വരെയാക്കി.

ഇതിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബോണ്ട് സര്‍വീസ് ആരംഭിക്കാന്‍ വിദ്യാഭ്യാസ ഗതാഗത വകുപ്പുകളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.

സര്‍വീസ് ആവശ്യമുള്ള സ്‌കൂളുകള്‍ക്ക് ദൂര പരിധി അനുസരിച്ച് നിരക്കില്‍ മാറ്റം വരുത്തിയാകും സൗകര്യം ലഭ്യമാക്കുക. കൂടാതെ സാധാരണ സര്‍വീസുകള്‍ക്ക് കുട്ടികളില്‍ നിന്നും നിലവിലെ കണ്‍സഷന്‍ തുക ഈടാക്കാനും തീരുമാനമായിരുന്നു.

അതേസമയം, സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗരേഖയില്‍ ഏകദേശ ധാരണയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അടുത്ത മാസം അഞ്ചോടെ മാര്‍ഗരേഖ പുറത്തിറക്കും.

അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പിടിഎ, ആരോഗ്യവകുപ്പ്, ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. അധ്യാപക- വിദ്യാര്‍ത്ഥി സംഘടനകളുമായി ഓണ്‍ലൈന്‍ യോഗം ചേരും. കളക്ടര്‍മാരുമായും യോഗം ചേരുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.

Exit mobile version