ചാവക്കാട്: ഒരു സ്വര്‍ണമോതിരം മാത്രമായിരുന്നു മകന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ തിരുവത്ര സ്വദേശിനി ഹസീനയുടെ കൈയ്യിലുള്ളത്. അത് പണയം വെച്ച് പണം വാങ്ങാന്‍ പോകുന്നതിനിടെ അബദ്ധത്തില്‍ അഴുക്കുചാലില്‍ വീണു. നെഞ്ചുതകര്‍ന്ന ആ അമ്മയ്ക്ക് തുണയായെത്തിയത് സിവില്‍ പൊലീസ് ഓഫിസര്‍ സൗദാമിനിയായിരുന്നു.
നടത്തത്തിനിടെ മോതിരം ഊരിയെടുക്കാന്‍ നോക്കിയപ്പോള്‍ അബദ്ധത്തില്‍ അത് താഴെ വീഴുകയായിരുന്നു. റോഡിലെ നടപ്പാതയില്‍ ഇട്ടിരുന്ന കോണ്‍ക്രീറ്റ് സ്ലാബിന്റെ ഇടയില്‍ കുരുങ്ങിയ മോതിരം കൈകള്‍ ഉപയോഗിച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ലാബിന്റെ വിടവിലൂടെ ഊര്‍ന്ന് അഴുക്കുചാലിലേക്കും വീണു. മകന്റെ ചികിത്സയ്ക്ക് ആകെയുള്ള വഴി ആ മോതിരമായിരുന്നു. അത് കൈവിട്ടു പോയപ്പോള്‍ ആ അമ്മ ഹൃദയം പൊട്ടി കരഞ്ഞുപോയി.
ഇതിനിടെയാണ് തുണയായി സിവില്‍ പൊലീസ് ഓഫിസര്‍ സൗദാമിനിയെത്തിയത്. മോതിരം പോയപ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ഹസീന ഓടിയെത്തിയത് ചാവക്കാട് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. മോതിരം നഷ്ടപ്പെട്ട സ്ഥലത്തേക്ക് അവര്‍ക്കൊപ്പം ചെന്ന സൗദാമിനി അതുവഴി പോയ മണ്ണുമാന്തി നിര്‍ത്തിച്ച് സ്ലാബ് മാറ്റാന്‍ സഹായം അഭ്യര്‍ഥിച്ചു. ദുര്‍ഗന്ധം വമിക്കുന്ന കാനയില്‍ കെട്ടിക്കിടന്ന മലിനജലം മുഴുവന്‍ കോരി മാറ്റിയപ്പോള്‍ നഷടപ്പെട്ടെന്ന് കരുതിയ മോതിരം കണ്ടെത്തി. പൊട്ടിക്കരഞ്ഞുകൊണ്ട് നിന്ന ഹസീനയുടെ കണ്ണുകള്‍ സന്തോഷം കൊണ്ടു നിറഞ്ഞു. സൗദാമിനിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുമായാണ് ഹസീനമടങ്ങിയത്.
Discussion about this post