നാദാപുരം: വിരണ്ടോടിയ പോത്തിനെ ഓട്ടോയില്‍ കെട്ടിവലിച്ച സംഭവത്തില്‍ നാദാപുരത്ത് രണ്ടുപേര്‍ അറസ്റ്റില്‍. നാദാപുരം സ്വദേശികളായ ഉള്ളീന്റവിട ഉസ്മാന് എന്ന ഇസ്മായില്‍ (50), തയ്യുള്ളതില്‍ ബീരാന് (41) എന്നിവരാണ് പിടിയിലായത്. പോത്തിനെ കെട്ടിവലിക്കാന്‍ ഉപയോഗിച്ച ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം കുമ്മങ്കോട് അങ്ങാടിക്കടുത്തുവെച്ചാണ് സംഭവം. അറവിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയതായി പോലീസ് പറഞ്ഞു. ഇതിനെ പിടികൂടിയവരാണ് പോത്തിനെ ഓട്ടോയില്‍ കെട്ടിയത്. വിരണ്ടോടിയ പോത്ത് അക്രമാസക്തമാകുമെന്നും അതിനാലാണ് ഓട്ടോയ്ക്ക് പിന്നില്‍ കെട്ടിയതെന്നുമാണ് അറസ്റ്റിലായവരുടെ വാദം.
അതേസമയം, കെട്ടിവലിച്ച പോത്തിനെ വെള്ളിയാഴ്ച അറുത്ത് വില്‍പ്പനനടത്തി. ഓട്ടോയ്ക്കുപിന്നില് പോത്തിനെ കെട്ടിവലിക്കുന്ന വീഡിയോ സൈബറിടത്ത് നിറഞ്ഞതോടെയാണ് പോലീസ് നടപടി. അശ്രദ്ധമായി വാഹനം ഓടിക്കല്‍, മൃഗങ്ങളെ ഉപദ്രവിക്കല്‍, പൊതുജനങ്ങള്‍ക്ക് ശല്യമായ പെരുമാറ്റം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
Discussion about this post