ഗുരുവായൂര്‍: പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രനടയ്ക്ക് മുന്നിലേക്ക് എത്തിക്കാന്‍ ഗേറ്റ് തുറന്നു കൊടുത്ത സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അഡ്മിനിസ്ട്രേറ്ററുടെ കാരണം കാണിക്കല്‍ നോട്ടീസ്.
എന്ത് കാരണത്താലാണ് മോഹന്‍ലാലിന്റെ കാര്‍ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ മൂന്നു സുരക്ഷ ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനും അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശം നല്കി.
അതേസമയം, മൂന്നു ഭരണ സമിതി അംഗങ്ങളും മോഹന്‍ലാല്‍ എത്തിയ സമയത്ത് കൂടെയുണ്ടായിരുന്നു. അവര്‍ എതിര്‍പ്പൊന്നും പറയാത്തത് കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നും ജീവനക്കാര്‍ വിശദീകരിച്ചു. വ്യാഴാഴ്ചയാണ് മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്.
വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ താരത്തിനൊപ്പം ഭാര്യ സുചിത്രയുമുണ്ടായിരുന്നു. രാവിലെ ക്ഷേത്രത്തിലെത്തിയ മോഹന്‍ലാല്‍ ദര്‍ശനം നടത്തി വഴിപാടും കഴിച്ചാണ് മടങ്ങിയത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് മോഹന്‍ലാലിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
Discussion about this post