തിരുവനന്തപുരം: കേരള ടൂറിസത്തെ വിരല്‍ത്തുമ്പില്‍ എത്തിച്ച് ടൂറിസം വകുപ്പ്.
സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാനും ആകര്‍ഷകമായ സ്ഥലങ്ങള്‍ സ്വയം കണ്ടെത്താനുമുള്ള കേരള ടൂറിസം മൊബൈല്‍ ആപ്പ് ടൂറിസം മന്ത്രി റിയാസ് മുഹമ്മദിന്റെ സാന്നിധ്യത്തില്‍ നടന്‍ മോഹന്‍ലാല്‍ പുറത്തിറക്കി.
ടൂറിസത്തെ ജനകീയമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ ആപ്പ് ഉപയോഗിച്ച് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും ഓരോ വ്യക്തിക്കും തങ്ങളുടെ നാട്ടിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്താനും സാധിക്കും.
പുതിയ സാധ്യതകള്‍ തേടിപോകാനും അവര്‍ കണ്ടെത്തുന്ന പുതിയ ഇടങ്ങള്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ ഉതകും വിധമാണ് പുതിയ ആപ്പിന്റെ രൂപകല്പന. ഇത്തരത്തില്‍ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ അന്തര്‍ദേശീയമായി ശ്രദ്ധിക്കപ്പെടും.
ശബ്ദ സഹായിയുടെ സാധ്യത ഉപയോഗിച്ച് യാത്രികര്‍ക്ക് അന്വേഷണങ്ങള്‍ നടത്താനാകും. ടൈപ്പിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനൊപ്പം ശബ്ദ ഉത്തരങ്ങളായി വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകള്‍ കൂടി ചേര്‍ത്ത് ഗെയിമിംഗ് സ്റ്റേഷന്റെ സ്വഭാവത്തില്‍ പുറത്തിറക്കുന്ന നവീകരിച്ച ടൂറിസം മൊബൈല്‍ ആപ്പിന് മികച്ച സ്വീകാര്യതയാണുള്ളത്.
ഓരോ പഞ്ചായത്തുകളിലെ ടൂറിസം ശ്രദ്ധ കിട്ടേണ്ട കേന്ദ്രങ്ങളെ കുറിച്ചും അവിടുത്തെ സവിശേഷതകളെ കുറിച്ചും നാട്ടുകാര്‍ക്ക് തന്നെ ആപ്പിലൂടെ വിവരങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാം. ഇതിലൂടെ സ്ഥിരം ടൂറിസം കേന്ദ്രങ്ങള്‍ക്ക് അപ്പുറം സഞ്ചാരികളെ ആകര്‍ഷിക്കുന്ന അത്ര അറിയപ്പെടാതെ പോയ സ്ഥലങ്ങളും ആപ്പിലൂടെ ജനകീയമാകുമെന്ന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വേറിട്ട ഈ ആശയത്തിന് എല്ലാ പിന്തുണയും ആശംസയും നല്‍കുന്നതായി മോഹന്‍ലാല്‍ പറഞ്ഞു.
Discussion about this post