തൃക്കുന്നപ്പുഴ: നിറം മങ്ങി തുടങ്ങിയ ഫോട്ടോ പൊന്നുപോലെ സൂക്ഷിച്ച് അച്ഛനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് പതിമൂന്നുവയസ്സുകാരി വിസ്മയ. 11 വര്‍ഷം മുന്‍പാണ് വിസ്മയയുടെ അച്ഛന് ജോബിയെ കടലില്‍ കാണാതായത്. മത്സ്യബന്ധനത്തിനു വള്ളത്തില്‍ കടലില്‍ പോയ അദ്ദേഹത്തെ വള്ളം മുങ്ങി കാണാതായതായി കേട്ടറിവ് മാത്രമാണ് കുടുംബത്തിന്.
കുഞ്ഞായിരിക്കുമ്പോഴാണ് വിസ്മയ ജോബിയെ കണ്ടത്. അതുകൊണ്ടുതന്നെ അച്ഛന്റെ രൂപം വിസ്മയയുടെ ഓര്‍മയിലില്ല. എങ്കിലും വീടിനു സമീപം കടല്‍ത്തീരത്ത് എത്തുമ്പോഴൊക്കെ ജോബി തിരികെ എത്തുമെന്ന് വിസ്മയ മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്.
കൊല്ലം വാടി ഭാഗത്ത് ആഴക്കടലില്‍ മാതാവ് എന്ന മത്സ്യബന്ധന വള്ളം മുങ്ങിയായിരുന്നു ആറാട്ടുപുഴ കള്ളിക്കാട് കാട്ടില്‍ ജോബിയെ (35) കാണാതായത്. വള്ളത്തില്‍ ഉണ്ടായിരുന്ന തൊഴിലാളികളായ കടയില്‍ കുട്ടന്, കോടാലിച്ചിറ അംബുജാക്ഷന്, പുത്തന്‍വീട്ടില്‍ സന്തോഷ് എന്നിവര്‍ മരിച്ചു.
ജോബിക്ക് വേണ്ടി അന്നു ആഴ്ചകളോളം കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. അന്നു സംഭവം നടന്നപ്പോള്‍ സര്‍ക്കാര്‍ അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നല്‍കിയിരുന്നു. മറ്റു സഹായങ്ങളൊന്നും കിട്ടിയില്ല. ബന്ധുക്കളുടെയെല്ലാം പ്രതീക്ഷ നഷ്ടപ്പെട്ടപ്പോഴും ജോബി തിരിച്ചുവരുമെന്ന് തന്നെയാണ് വിസ്മയയുടെ മനസ്സില്‍.
പെട്ടിയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന ജോബിയുടെ നിറം മങ്ങി തുടങ്ങിയ ഫോട്ടോ തപ്പിയെടുത്ത വിസ്മയ കിടപ്പുമുറിയിലെ ഭിത്തിയില്‍ അത് ഒട്ടിച്ചു. ജോബി എത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്. വീട്ടിലെ അലമാരയില്‍ ജോബിയുടെ സ്വര്‍ണ നിറത്തിലുള്ള വാച്ചും ചില വസ്ത്രങ്ങളും സൂക്ഷിച്ചു പോരുകയാണു. മംഗലം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണു വിസ്മയ.
Discussion about this post