തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ സ്ഥാനാര്‍ത്ഥിയാക്കാനായി ബിജെപി ആലോചന. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദു സമൂഹത്തിലെ ഒരു വിഭാഗത്തിനുണ്ടായ അതൃപ്തി ബിജെപിക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് നേതൃത്വം. ഹൈന്ദവ സംഘടനകളുമായി അടുത്ത ബന്ധമുള്ള ശശികലയുടെ സാന്നിധ്യം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും ബിജെപി കണക്കു കൂട്ടുന്നു. തൃശൂരോ പാലക്കാടോ ശശികലയെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുമുണ്ട്.
അതേസമയം, നേതൃത്വത്തില്‍ ചിലര്‍ ഇക്കാര്യം സൂചിപ്പിച്ചെങ്കിലും കെപി ശശികല അനുകൂലമായി പ്രതികരിച്ചിട്ടില്ല. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ ശശികല തീരുമാനം മാറ്റുമെന്ന വിശ്വാസത്തിലാണ് ബിജെപി നേതൃത്വം.
എന്നാല്‍, ഈ നിര്‍ദേശത്തോട് എതിര്‍പ്പുള്ളവരും പാര്‍ട്ടിയിലുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു പരിചയമില്ലാത്ത ശശികലയെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിയ്ക്കു ഗുണകരമാവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
പാലക്കാട് പട്ടാമ്പി സ്വദേശിയാണ് കെപി ശശികല. വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായിരുന്നു. കഴിഞ്ഞമാസം ജോലിയില്‍നിന്നു വിരമിച്ചു. 2003 മുതല്‍ ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. 2010 മുതല്‍ സംസ്ഥാന അധ്യക്ഷയായി. ‘എനിക്ക് രാഷ്ട്രീയ മോഹമില്ല, അസമയത്ത് അതിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ’ എന്നായിരുന്നു സ്ഥാനാര്‍ത്ഥിത്വ വാര്‍ത്തയോട് കെപി ശശികലയുടെ പ്രതികരണം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പ്രതിഷേധ യോഗങ്ങളിലുണ്ടാകുന്ന ജനക്കൂട്ടം പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
Discussion about this post