ശീതീകരിക്കാത്ത ബീഫ് ഓണ്‍ലൈനിലൂടെ വില്‍പ്പന; തൃശ്ശൂരിലെ ദമ്പതികള്‍ക്ക് കേന്ദ്രം നല്‍കിയത് 10 ലക്ഷം

Fresh beef and fish | Bignewslive

തൃശ്ശൂര്‍: ശീതീകരിക്കാത്ത ബീഫ് ഉള്‍പ്പടെയുള്ള ഇറച്ചിയും മീനും വീടുകളിലെത്തിച്ചു നല്‍കുന്ന സ്ഥാപനം നടത്തുന്ന സിന്‍ഡോയ്ക്കും ഭാര്യ ജില്‍മോള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് 10 ലക്ഷത്തിന്റെ സഹായം. ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ സ്വീകരിക്കുകയും അത് വീടുകളിലെത്തിച്ചുകൊടുക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ഇവര്‍ തൃശ്ശൂര്‍ പടിഞ്ഞാറേക്കോട്ടയില്‍ ആരംഭിച്ചത്.

ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വെറ്ററിനറി ഗവേഷണകേന്ദ്രം 2019-ല്‍ പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്‍കുബേറ്ററിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ ഇവരും പങ്കെടുത്തിരുന്നു. മാംസത്തിന്റെ ഓണ്‍ലൈന്‍ വിപണനസാധ്യതകളാണ് ഈ ദമ്പതികള്‍ അവതരിപ്പിച്ചത്. 819 അപേക്ഷകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 എണ്ണത്തില്‍ ഇവരുടെ സംരംഭവും പരിഗണിക്കപ്പെട്ടു.

2020-ല്‍ ഇന്‍കുബേറ്ററില്‍ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയ ദമ്പതിമാര്‍ക്ക് 2021 ഫെബ്രുവരിയില്‍ അറിയിപ്പ് കിട്ടി, ‘വിആര്‍ ഫ്രഷ്’ എന്ന ഇവരുടെ സ്ഥാപനത്തിന് ഇന്ത്യന്‍ വെറ്ററിനറി ഗവേഷണകേന്ദ്രത്തില്‍നിന്ന് 10 ലക്ഷം ഗ്രാന്റായി അനുവദിച്ചെന്ന്. അടുത്തിടെയാണ് അനുവദിച്ച 10 ലക്ഷം മുഴുവനായും ലഭിച്ചത്.

എംബിഎ കഴിഞ്ഞ് പ്രശസ്ത അന്താരാഷ്ട്ര കമ്പനിയില്‍ മാര്‍ക്കറ്റിങ് മേധാവിയായ സിന്‍ഡോ ആ ജോലി രാജിവെച്ചാണ് വിആര്‍ ഫ്രഷ് എന്ന സ്ഥാപനം തുടങ്ങിയത്. കൂട്ടായി, നഴ്‌സായിരുന്ന ജില്‍മോള്‍ ജോലി രാജിവെച്ച് ഭര്‍ത്താവിനൊപ്പം നിന്നു. പത്തിനം ഇറച്ചിയിനങ്ങള്‍ ഇവര്‍ വില്‍ക്കുന്നുണ്ട്. മായമില്ലെന്ന് പരിശോധനയിലൂടെ ഉറപ്പാക്കിയ മീനുകളും ഇവര്‍ വില്‍ക്കുന്നുണ്ട്. ശീതീകരിച്ച് വില്‍ക്കുന്നത് എമു ഇറച്ചി മാത്രമാണ്.

Exit mobile version