തൃശ്ശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പീച്ചി അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ തുറന്നു. രണ്ട് ഇഞ്ചു വീതമാണ് ഉയര്‍ന്നത്. ചൊവ്വാഴ്ച രാവിലെ 8നു ജലനിരപ്പ് 76.55 മീറ്ററായി ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡാമിലേയ്ക്ക് ഇപ്പോള്‍ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്.
അപ്പര്‍ റൂള്‍ കര്‍വിന്റെ (76.65 മീറ്റര്‍) ജലവിതാനത്തെ മറികടന്നതിനെ തുടര്‍ന്നാണു ഷട്ടറുകള്‍ തുറന്നത്. രാവിലെ മൂന്നാമത്തെ മുന്നറിയിപ്പു നല്‍കുകയും തുടര്‍ന്നു ഷട്ടറുകള്‍ തുറക്കുകയും ആയിരുന്നു. ഷട്ടറുകള്‍ തുറന്നതിന്റെ അടിസ്ഥാനത്തില്‍ മണലി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഷട്ടറിലെ താഴ്ഭാഗം 76.2 മീറ്ററിലാണ് നില്‍ക്കുന്നത്. 3.05 മീറ്റര്‍ വരെ ഷട്ടര്‍ ഉണ്ട്. 2018ലെ പ്രളയത്തിനുശേഷം ആണ് അപ്പര്‍ റൂള്‍ കര്‍വ് അഥവാ ഡാമില്‍ ഒരുമാസം സംഭരിക്കാവുന്ന പരമാവധി വെള്ളത്തിന്റെ അളവ് നിശ്ചയിച്ചത്. മുന്‍കാലങ്ങളില്‍ 78.3 മീറ്റര്‍ ഉയരത്തില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ആദ്യ മുന്നറിയിപ്പ് നല്കി 78.9 മീറ്ററില്‍ വെള്ളം തുറന്നു വിടുകയായിരുന്നു പതിവ്. 2018ല്‍ ജൂലൈ 27ന് ഷട്ടറുകള്‍ തുറന്നിരുന്നു.
Discussion about this post