വെച്ചുകെട്ടിയ കണ്ണുമായും ക്ലാസില്‍ പോയി, ബന്ധുക്കള്‍ മരിച്ചിട്ടും ക്ലാസിനോട് നോ പറയാതെ അക്ഷയ; റെക്കോര്‍ഡ് നേട്ടം

രാമനാട്ടുകര: യുകെജി മുതല്‍ പ്ലസ് ടു വരെ പഠനകാലത്ത് ഒരു ദിവസം പോലും മുടങ്ങാതെ 100% ഹാജര്‍ നേടി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി എംഎന്‍ അക്ഷയ. രാമനാട്ടുകര സ്വദേശി, ഇപ്പോള്‍ പുല്‍പറ്റയില്‍ താമസിക്കുന്ന മണികണ്ഠന്റെ മകളാണ്.

അസുഖം പിടിപ്പെട്ടിട്ടും ബന്ധുക്കള്‍ മരിച്ചിട്ടും ക്ലാസിനോട് നോ പറയാതെ ഹാജര്‍ ആയതോടെയാണ് അക്ഷയയ്ക്ക് നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. മണികണ്ഠന്‍ കോയമ്പത്തൂരില്‍ ആയതിനാല്‍ എല്‍കെജി മുതല്‍ 5ാം ക്ലാസ് വരെ കോയമ്പത്തൂര്‍ പുലിയകുളം വിദ്യാനികേതന്‍ സ്‌കൂളില്‍ ആയിരുന്നു പഠനം. പിന്നീട് പുല്‍പറ്റയിലേക്ക് താമസം മാറി. 6 മുതല്‍ 10 വരെ മഞ്ചേരി നോബിള്‍ പബ്ലിക് സ്‌കൂളില്‍ ആയിരുന്നു പഠനം. പിന്നീട് കോഴിക്കോട് എയര്‍പോര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു പഠിക്കുമ്പോഴും ക്ലാസ് ഒന്നു പോലും മുടക്കിയില്ല.

അക്ഷയ ജില്ലാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണവും സംസ്ഥാന തലത്തില്‍ വെള്ളിയും നേടിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഖോഖൊ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് കണ്ണിനു പരുക്കേറ്റു. വച്ചുകെട്ടിയ കണ്ണുമായി അടുത്ത ദിവസം തന്നെ സ്‌കൂളിലെത്തുകയും ചെയ്തു. 2019 ല്‍ കോയമ്പത്തൂരില്‍ മുത്തച്ഛന്‍ മരിച്ചപ്പോഴും അവധിയെടുക്കാതെ സങ്കടം ഉള്ളിലൊതുക്കി അക്ഷയ സ്‌കൂളിലെത്തുകയായിരുന്നു. അടുത്ത അവധി ദിവസമാണ് കോയമ്പത്തൂരിലേക്കു വണ്ടി കയറിയത്. ഇപ്പോള്‍, യുപി മീററ്റിലെ ശോഭിത് യൂണിവേഴ്‌സിറ്റിയില്‍ ബിടെക് ബയോ ഇന്‍ഫര്‍മാറ്റിക് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അക്ഷയ. ഈ അപൂര്‍വ്വ നേട്ടത്തിന് ഇന്ന് സോഷ്യല്‍മീഡിയയും കൈയ്യടിക്കുകയാണ്.

Exit mobile version