മുൻ ആരോഗ്യഡയറക്ടർ ഡോ.പികെ ജമീലയും ലോകയാത്രികൻ സന്തോഷ് ജോർജ് കുളങ്ങരയും സംസ്ഥാന ആസൂത്രണ ബോർഡിൽ

തിരുവനന്തപുരം: മുൻആരോഗ്യ ഡയറക്ടർ ഡോ. പികെ ജമീല, ലോകയാത്രികൻ സന്തോഷ് ജോർജ് കുളങ്ങര തുടങ്ങിയവരെ ഉൾപ്പെടുത്തി സംസ്ഥാന ആസൂത്രണബോർഡ് പുനഃസംഘടിപ്പിച്ചു. പികെ ജമീലയ്‌ക്കൊപ്പം പ്രൊഫ. മിനി സുകുമാർ, പ്രൊഫ. ജിജു പി അലക്‌സ്, ഡോ. കെ രവിരാമൻ എന്നിവരാണ് ആസൂത്രണബോർഡ് അംഗങ്ങൾ.

പാർട്ട് ടൈം വിദഗ്ധ അംഗങ്ങളായാണ് പ്രൊഫ. ആർ. രാമകുമാർ, വി നമശിവായം, സന്തോഷ് ജോർജ് കുളങ്ങര എന്നിവരെ മന്ത്രിസഭ നിയമിച്ചിരിക്കുന്നത്.

പികെ ജമീല ആർദ്രം മിഷന്റെ കൺസൽട്ടന്റായിരുന്നു. പ്രൊഫ. മിനി സുകുമാരൻ കാലിക്കറ്റ് സർവകലാശാലയിലും ജിജു പി അലക്‌സ് കാർഷിക സർവകലാശാലയിലും അധ്യാപകരാണ്. നിലവിൽ ആസൂത്രണബോർഡ് അംഗങ്ങളാണ് ഡോ. കെ രവിരാമനും പ്രൊഫ. ആർ. രാമകുമാറും.

മുഖ്യമന്ത്രി പിണറായി വിജയനാണ് ബോർഡിന്റെ അധ്യക്ഷൻ. പ്രൊഫ. വികെ രാമചന്ദ്രൻ വൈസ് ചെയർമാനാണ്. ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെഎൻ ബാലഗോപാൽ, കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവരെയും നിശ്ചയിച്ചു.

ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും സ്ഥിരംക്ഷണിതാക്കളാവും. ആസൂത്രണസാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മെമ്പർ സെക്രട്ടറിയാണ്.

Exit mobile version