പാലാ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുവാന്‍ ലോട്ടറിയെടുത്ത അന്നമ്മയെ തുണച്ച് ഭാഗ്യദേവത. ഒരു കോടി രൂപയാണ് അന്നമ്മയ്ക്ക് കൈവന്നത്. പാലാ കുരിശുപള്ളിക്കവലയിലെ മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരിയായ അന്നമ്മയ്ക്കാണ് ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചത്.
പന്ത്രണ്ടാംമൈല് മഠത്തിപ്പറമ്പില്‍ ഷൈജുവിന്റെ ഭാര്യയായ അന്നമ്മ 2004 മുതല്‍ പാലായിലെ വിവിധ മെഡിക്കല്‍ ഷോപ്പുകളില്‍ ജീവനക്കാരിയാണ്. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുമ്പോള്‍ മുരിക്കുംപുഴയില്‍ നിന്നാണ് ലോട്ടറി എടുത്തത്. കാരുണ്യ ചികിത്സാ പദ്ധതിക്കായി തുടങ്ങിയ കാരുണ്യ ലോട്ടറി അന്നമ്മ സ്ഥിരമായി എടുത്തിരുന്നു.
ഭാഗ്യം പരീക്ഷിക്കുന്നതിനൊപ്പം ജീവകാരുണ്യത്തിന് ചെറിയ കൈത്താങ്ങും നല്‍കാമെന്ന ഉദ്ദേശത്തോടെയാണ് ലോട്ടറി എടുത്തു തുടങ്ങിയത്. പിന്നീട് ഭാഗ്യമിത്ര ആരംഭിച്ചപ്പോള്‍ അത് എടുത്തുതുടങ്ങി. ഭര്‍ത്താവ് ഷൈജു ഹോട്ടല്‍ മേഖലയിലാണ് ജോലിചെയ്തിരുന്നത്. കോവിഡ് വ്യാപിച്ചതോടെ തൊഴില്‍ മുടങ്ങിയിരിക്കുകയാണ്. വീട്ടിലെ കടബാധ്യതകള്‍ ഒഴിവാക്കുന്നതിനായി പണം വിനിയോഗിക്കുമെന്ന് അന്നമ്മ പറയുന്നു.
Discussion about this post