തിരുവനന്തപുരം: കൂടിയാലോചനകളില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ പിഎസ് ശ്രീധരന്‍പിളളക്ക് രൂക്ഷ വിമര്‍ശനം. ആലോചിക്കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പാര്‍ട്ടിക്ക് നാണക്കേടായെന്നും ഇത്തരം സമരരൂപങ്ങള്‍ പ്രഖ്യാപിച്ചത് വഴി പാര്‍ട്ടിയുടെ യശസിന് മങ്ങലേറ്റതായും സംസ്ഥാന നേതാക്കള്‍ തുറന്നടിച്ചു.
കോര്‍ കമ്മറ്റിയോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതായിട്ടാണ് സൂചന. ശബരിമല വിഷയത്തെ ചൊല്ലിയുളള സമരം ജനുവരി 22 വരെ തുടരാനും ധാരണയായി.
തിരുവനന്തപുരം മുട്ടട സ്വദേശിയായ വേണുഗോപാല്‍ നായരുടെ ആത്മഹത്യയെ ചൊല്ലി ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഹര്‍ത്താനെതിരെയാണ് ബിജെപി ഭാരവാഹി യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉണ്ടായത്.
തിരുവനന്തപുരത്ത് നിന്നുളള ഒരു സംസ്ഥാന നേതാവും ആലപ്പുഴ ജില്ലയില്‍ നിന്നുളള പ്രതിനിധിയുമാണ് ഭാരവാഹി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത്.
എന്നാല്‍ ആ ഘട്ടത്തില്‍ ഹര്‍ത്താല്‍ അനിവാര്യമായിരുന്നു എന്നായിരുന്നു പിഎസ് ശ്രീധരന്‍പിളളയുടെ മറുപടി. ഭാരവാഹിയോഗത്തിന് മുന്നോടിയായി ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തിലും നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതായിട്ടാണ് സൂചന.
സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കളോട് പോലും ആലോചിക്കാതെ ഏകപക്ഷീയമായിട്ടാണ് സംസ്ഥാന അദ്ധ്യക്ഷന്‍ പെരുമാറുന്നതെന്ന് വിമര്‍ശനം ഉണ്ടായി.
ശബരിമല വിഷയത്തെ ചൊല്ലി പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ ഭാവിയെ പറ്റി ചില ഭാരവാഹികള്‍ ആശങ്ക ഉന്നയിച്ചു.
എന്നാല്‍ സമരം ഈ ഘട്ടത്തില്‍ നിര്‍ത്തുന്നത് ആത്മഹത്യ പരമായിരിക്കുമെന്ന് നേതൃത്വം വിശദീകരണം നല്‍കി. ശബരിമല സ്ത്രീ പ്രവേശന വിഷയം സുപ്രീം കോടതി പരിഗണിക്കുന്ന ജനുവരി 22 വരെ സമരം തുടരണമെന്നാണ് ആര്‍എസ്എസ് തീരുമാനം എന്ന് സംഘടനാചുമതലയുളള പ്രചാരകന്‍ യോഗത്തെ അറിയിച്ചു.
സമരം രൂക്ഷമാക്കുന്നതിനായി എല്ലാ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും റിലേ സത്യഗ്രഹങ്ങള്‍ നടത്താനും, മകരവിളക്ക് ദിവസം എല്ലാ പ്രവര്‍ത്തകരുടെ വീടുകളിലും മകരജ്യോതി തെളിയിക്കാനും തീരുമാനം എടുത്തു.
ആര്‍എസ്എസ് സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുപ്പിക്കാനും തീരുമാനം ആയി.