കോഴിക്കോട്: കെഎം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം കര്‍ണാടകയിലേയ്ക്ക് തിരിക്കുന്നു. നിരവധി തവണ വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. എന്നാല്‍ പല മൊഴികളിലും പൊരുത്തക്കേടുകളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംഘം കര്ണാടകത്തിലേയ്ക്ക് പോകുന്നത്.
കൃഷിയിലൂടെയാണ് തന്റെ വരുമാനമെന്നും ഇഞ്ചികൃഷിയുണ്ടെന്നും ഷാജി മാധ്യമങ്ങളിലൂടെയടക്കം പ്രതികരിക്കുകയും ചെയ്തിരുന്നു. ഇവ സത്യമാണോ എന്നു കണ്ടെത്താന്‍ കൂടിയാണ് സംഘം തിരിക്കുന്നത്. വരും ദിവസങ്ങളില്‍ തന്നെ ഇത് സംബന്ധിച്ച നടപടി ക്രമങ്ങളിലേക്ക് വിജിലന്‍സ് സംഘം കടക്കും. കൃഷി തന്നെയാണോ അല്ലെങ്കില്‍ ഭൂമിയിടപാടുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും.
അനധികൃത സ്വത്ത് സമ്പാദവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഷാജി നല്കിയ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു വിജിലന്‍സ് പലതവണ ചോദ്യം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിനായി പിരിച്ച പണത്തിന്റെ രസീതിന്റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്സിന്റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നു.
എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്ന നിഗമനത്തിലാണ് വിജിലന്‍സ്. ഷാജിക്ക് വരവില്‍കവിഞ്ഞ സ്വത്ത് ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നവംബറില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയത്.
Discussion about this post