കോവിഡ് ബാധിച്ച് അമ്മയും അമ്മമ്മയും പോയി; ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞനിയത്തിക്ക് അമ്മയായി ഏഴുവയസുകാരി

ഉപ്പുതറ: കോവിഡ് ബാധിച്ച് അമ്മയും അമ്മമ്മയും നഷ്ടപ്പെട്ട ഈ കുഞ്ഞ് ഇപ്പോൾ കരഞ്ഞുതളർന്നിരിക്കാതെ കുഞ്ഞനിയത്തിയെ സംരക്ഷിക്കുന്നതിനുള്ള തിരക്കിലാണ്. അ അമ്മയ്ക്ക് പകരം കുഞ്ഞനിയത്തിയുടെ മാതൃത്വം ഏറ്റെടുത്തിരിക്കുന്നത് ഇടുക്കി ഉപ്പുതറയിലെ സനിറ്റയെന്ന ഏഴു വയസ്സുകാരിയാണ്.


കൂടെ അച്ഛനും അപ്പൂപ്പനും ചേട്ടനുമൊക്കെ ഉണ്ടെങ്കിലും, കീമോ തെറാപ്പിയ്ക്കായി അച്ഛമ്മ ലീലാമ്മ തിരുവനന്തപുരത്ത് പോകുമ്പോൾ അനിയത്തിയുടെ പരിചരണമെല്ലാം സനിറ്റയുടെ കുഞ്ഞു കൈകളിൽ ഭദ്രമാണ്.

ഇക്കഴിഞ്ഞ മേയ് 17നാണ് സനിറ്റയുടെ അമ്മ സനിജ മരിച്ചത്. അന്ന് അനിയത്തി സാനിയ ജനിച്ചിട്ട് പത്തു ദിവസം മാത്രം. അതിനും ഒരാഴ്ച മുമ്പേ സനിജയുടെ അമ്മയേയും കോവിഡ് കവർന്നെടുത്തിരുന്നു.

ഇതോടെ അമ്മയും അമ്മമ്മയും നഷ്ടപ്പെട്ട ചെറുമക്കളുടെ സംരക്ഷണം അർബുദരോഗി കൂടിയായ സനിറ്റയുടെ അച്ഛന്റെ അമ്മ ലീലാമ്മ ഏറ്റെടുത്തിരിക്കുകയാണ്. കുഞ്ഞനിയത്തിയെ പരിചരിച്ച് മുത്തശ്ശിയ്‌ക്കൊപ്പം എപ്പോഴും സനിറ്റയും കൂടെയുണ്ടാകും.

Exit mobile version