സ്ത്രീധനം നൽകുകയോ വാങ്ങുകയോ ചെയ്യില്ലെന്ന് വിദ്യാർത്ഥികളും കുടുംബാംഗങ്ങളും; സ്ത്രീധനത്തിന് എതിരെ എംഇഎസ് പൊന്നാനി കോളേജിന്റെ ക്യാംപെയ്ൻ

പൊന്നാനി: സ്ത്രീധനത്തിനെതിരെ എംഇഎസ് പൊന്നാനി കോളേജിലെ നിർഭയ വിമൺ സെല്ലിന്റെ നേതൃത്വത്തിൽ ക്യാംപെയ്ൻ ആരംഭിച്ചു. കോളേജിലെ കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും കുട്ടികളും സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്തു. സ്ത്രീധനം നൽകുകയോ വാങ്ങുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലത്തിൽ ഒപ്പുവെയ്ക്കുകയും ചെയ്തു.

സംവിധായിക വിധു വിൻസെന്റാണ് ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്തത്. സ്ത്രീധനത്തിനെതിരെ അക്കാദമിക സമൂഹം മുന്നോട്ട് വരേണ്ടതിന്റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടി. സ്ത്രീധനത്തിനെ പരിപോഷിപ്പിക്കുന്ന രീതിയിൽ സിനിമാ മേഖലയിൽ പ്രത്യക്ഷമാകുന്ന അനാവശ്യ പ്രവണതകൾ അവസാനിപ്പിക്കാൻ മുൻകയ്യെടുക്കുമെന്നും ഈ വിഷയത്തിലെ ക്യാംപസിന്റെ ആശങ്കകൾ സിനിമാ സംഘടനാതലത്തിൽ ഉന്നയിക്കുമെന്നും വിധു വിൻസെന്റ് കൂട്ടിച്ചേർത്തു. ക്യാംപെയ്‌നിന്റെ ഭാഗമായി വിമൺ സെൽ തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനവും വിധു നിർവ്വഹിച്ചു. കുട്ടികളുമായി സംവാദവും നടത്തി.

സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം മറ്റ് ക്യാമ്പസുകളിലേക്ക് എത്തിക്കുകയും കൂടുതൽ രക്ഷിതാക്കളെ ഇതിന്റെ ഭാഗമാക്കുന്ന രീതിയിൽ ക്യാംപെയിൻ വിപുലീകരിക്കാനും തീരുമാനിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. അജിംസ് പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിമൺ സെൽ കോർഡിനേറ്റർ ഡോ. വിയു അമീറ, ഡോ. സമീറ ഹനീഫ് എന്നിവർ സംസാരിച്ചു.

Exit mobile version