ഇടവേളയ്ക്ക് ശേഷം വയനാട് ഉണരുന്നു; ആദിവാസി ജനങ്ങളുടെ ക്ഷേമം കണക്കിലെടുത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ പദ്ധതികൾ

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തരണം ചെയ്ത് മുന്നേറാൻ ടൂറിസം വകുപ്പ് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി പ്രാദേശിക ടൂറിസം വികസന സാധ്യതകൾ തേടി ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് യോഗങ്ങൾ വിളിച്ചുതുടങ്ങി. വയനാട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി മന്ത്രി ചർച്ച നടത്തി.

വയനാടിന്റെ ചരിത്രം, പൈതൃകം, സാംസ്‌കാരം എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ടൂറിസം വികസനമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ജില്ലയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങളെയും കണക്കിലെടുത്തുകൊണ്ട് അവരുടെകൂടി ക്ഷേമം ഉദ്ദേശിച്ചുള്ള സുസ്ഥിരടൂറിസം വികസനമാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

തദ്ദേശീയമായ ടൂറിസത്തിന് എല്ലാ സാധ്യതകളും നിറഞ്ഞ ജില്ലയാണ് വയനാട്. പ്രാദേശിക ടൂറിസം പദ്ധതിയിലൂടെ ജില്ലാതലത്തിൽ ടെസ്റ്റിനേഷനുകൾ സജീവമാവുകയും സാമാന്യജനങ്ങൾക്കും കൂടുതൽ ഉത്തരവാദിത്വവും താത്പര്യവും വളർന്നുവരികയും ചെയ്യും. പ്രദേശങ്ങൾ മാലിന്യവിമുക്തവും ടൂറിസം സൗഹൃദം നിറഞ്ഞതുമായി മാറും.

യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ അവരവരുടെ പ്രദേശങ്ങളിലെ ടൂറിസം വികസന സാധ്യതകൾ അവതരിപ്പിച്ചു. നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കി നൽകാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. തെരെഞ്ഞെടുക്കപ്പെട്ട ടെസ്റ്റിനേഷനുകളുടെ പട്ടിക പൂർത്തിയായാലുടൻ നടത്തേണ്ടുന്ന പ്രവർത്തനങ്ങളുടെ റോഡ് മാപ് ടൂറിസം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. സാഹസികടൂറിസം, ഉത്തരവാദടൂറിസം എന്നിവയിലൂന്നിയുള്ള ടൂറിസം വികസനമാണ് വകുപ്പ് വിഭാവനം ചെയ്യുന്നത്.

സംസ്ഥാനത്തു നടപ്പാക്കാനുദ്ദേശിക്കുന്ന ‘പഞ്ചായത്ത് തല ടൂറിസം ഡെസ്റ്റിനേഷൻ വികസന പദ്ധതിയുടെ ഭാഗമായാണ് വയനാട് ജില്ലയുടെ സാധ്യത ആദ്യം പരിശോധിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും യോഗം മന്ത്രി വിളിച്ചുചേർക്കുന്നുണ്ട്.

ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല, ടൂറിസം ഡയറക്ടർ, മൂന്ന് മുനിസിപ്പൽ കോർപറേഷനുകളുടെയും 26 പഞ്ചായത്തുകളുടെയും അധ്യക്ഷർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Exit mobile version