കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ് ഗ്രൗണ്ടായി മാറുന്നു; വിദ്യാഭ്യാസമുള്ളവരെയാണ് നോട്ടമിടുന്നതെന്നും ലോക്‌നാഥ് ബെഹറ

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയർന്നതായതിനാൽ തന്നെ ഭീകരവാദികൾ കേരളത്തിലുള്ളവരെ നോട്ടമിടുന്നെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ്ങ് ഗ്രൗണ്ടായി മാറുന്നെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വിദ്യാഭ്യാസ നിലവാരത്തിൽ കേരളം ഉയർന്നു നിൽക്കുന്നതുകൊണ്ട് തന്നെ കേരളത്തിൽ നിന്നുള്ളവരെ ഭീകര സംഘടനകൾക്ക് ആവശ്യമാണ്. ഡോക്ടർമാർ, എൻഞ്ചിനിയർമാർ തുടങ്ങിയവരെ അവർക്ക് ആവശ്യമാണ്. അതുകൊണ്ട് വർഗീയവത്കരിച്ച് ആളുകളെ കൊണ്ടു പോകാനാണ് ശ്രമം. പക്ഷേ ഇത് ഇല്ലാതാക്കാൻ പോലീസിന് കഴിവുണ്ട്, അതുകൊണ്ട് പേടിക്കേണ്ടതില്ലെന്നും ബെഹ്‌റ പറഞ്ഞു.

യുഎപിഎ നടപ്പാക്കുന്നതിൽ തനിക്ക് മടിയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎപിഎ നിയമം പാർലമെന്റിൽ പാസായതാണെന്നും അതുകൊണ്ട് തന്നെ ആ നിയമം നടപ്പിലാക്കുന്നതിൽ തനിക്ക് വ്യക്തിപരമായി പ്രയാസങ്ങളൊന്നുമില്ലെന്നുമാണ് ബെഹറ പറഞ്ഞത്.

”ഞാനൊരു ലോ എൻഫോഴ്‌സറാണ്. ഏത് നിയമം എനിക്ക് കിട്ടുന്നുവോ അത് ഞാൻ നടപ്പിലാക്കും. യുഎപിഎ പാർലമെന്റിൽ പാസായിട്ടുള്ള നിയമാണ്. അത് വരുമ്പോൾ നടപ്പിലാക്കേണ്ടി വരും. അതിന് എനിക്ക് മടിയൊന്നുമില്ല. മാവോയിസ്റ്റ് ആളുകളെ ടെക്‌നിക്കലി ടെററിസ്റ്റ് എന്ന് പറയാറില്ല. പക്ഷേ ചെയ്യുന്ന കാര്യങ്ങൾ ടെററിസ്റ്റ് പോലെ തന്നെയാണോ? പാവപ്പെട്ട ആളുകളെ തോക്കിൻ മുനയിൽ നിർത്തി എനിക്ക് അഞ്ച് കിലോ അരി തരണമെന്നൊക്കെ എന്തിനാണ് പറയുന്നത്.”

”മാവോയിസ്റ്റ് ആളുകൾ ഓട്ടോമാറ്റിക്ക് തോക്ക് പിടിച്ചിട്ട് കാട്ടിൽ കയറുകയാണ്. ഈ ആളുകളെയൊക്കെ പിടിക്കുന്നതൊന്നും അത്ര എളുപ്പമല്ല. അപ്പോൾ ചിലപ്പോൾ സംഘർഷമുണ്ടാകും,”- ബെഹറ പറഞ്ഞു.

Exit mobile version