“അവള്‍ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല; എന്റെ മോനെ നല്ലപോലെ നോക്കണം, എനിക്ക് എന്റെ രണ്‍ജിത്തണ്ണന്റെ കൂടെ ജീവിച്ച് കൊതിതീര്‍ന്നിട്ടില്ല”; ആര്യയുടെ ആത്മഹത്യ കുറിപ്പ്

ചാത്തന്നൂര്‍: കൊല്ലം കല്ലുവാതിക്കലില്‍ കരിയില കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കൊന്ന കേസില്‍ അമ്മയായ രേഷ്മയെ വഞ്ചകി എന്ന് കുറ്റപ്പെടുത്തി ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ആര്യയുടെ കുറിപ്പ്. അവള്‍ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതം നന്നാവണമെന്നു മാത്രമേ വിചാരിച്ചിട്ടുള്ളൂ. അറിഞ്ഞുകൊണ്ട് ആരെയും ചതിക്കണം എന്നുവിചാരിച്ചിട്ടില്ലെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

‘അറിഞ്ഞുകൊണ്ട് ആരെയും ചതിക്കണം എന്നുവിചാരിച്ചിട്ടില്ല. അവള്‍ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതം നന്നാവണമെന്നു മാത്രമേ വിചാരിച്ചിട്ടുള്ളൂ. എന്റെ മോനെ നല്ലപോലെ നോക്കണം. എനിക്ക് എന്റെ രണ്ജിത്തണ്ണന്റെ കൂടെ ജീവിച്ച് കൊതിതീര്‍ന്നിട്ടില്ല. പക്ഷേ, ഒരു പിഞ്ചുകുഞ്ഞിനെ കൊന്ന കേസില്‍ ഞങ്ങളെ പോലീസ് പിടിക്കുന്നത് സഹിക്കാന്‍ പറ്റുന്നില്ല. ഞങ്ങളോട് എല്ലാവരും ക്ഷമിക്കണം’.- എന്നാണ് ആത്മഹത്യ കുറിപ്പില്‍ ആര്യ എഴുതിയിരിക്കുന്നത്.

നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ പോലീസ് വിളിച്ചതിനുപിന്നാലെയാണ് ആര്യയെയും ഗ്രീഷ്മയെയും കാണാതായത്. ആര്യയെ കാണാതായതിനെ തുടര്‍ന്നുള്ള തിരച്ചിലിലാണ് കത്ത് കണ്ടുകിട്ടിയത്.

അതേസമയം പോലീസ് വിളിച്ചതിനുപിന്നാലെ ആര്യയും ഗ്രീഷ്മയും കല്ലുവാതുക്കല്‍ ജങ്ഷനിലെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ പത്തരയോടെ ഇവിടെവെച്ച് അയല്‍വാസിയും സിവില്‍ ഡിഫന്‍സ് വൊളന്റിയറുമായ സുരേഷ്‌കുമാര്‍ ഇരുവരെയും കണ്ട് സംസാരിച്ചിരുന്നു. സുരേഷ്‌കുമാറിനോട് പോലീസ് വിളിപ്പിച്ച കാര്യം യുവതികള്‍ പറഞ്ഞു.

എന്നാല്‍, ഭാവഭേദങ്ങളോ ഭയമോ ഇവരുടെമുഖത്ത് ഉണ്ടായിരുന്നില്ലെന്ന് സുരേഷ്‌കുമാര്‍ പറയുന്നു. പിന്നീടവര്‍ ബസില്‍ കയറി കൊല്ലം ഭാഗത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. ഇത്തിക്കര ചെറിയപാലത്തിലെ സി.സി.ടി.വി. ക്യാമറയില്‍ യുവതികള്‍ നടന്നു പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. ഈ ദൃശ്യങ്ങളിലും തിടുക്കമൊന്നും കൂടാതെ ഇവര്‍ നടന്നു പോകുകയാണ്.ചെറിയപാലത്തിനു താഴെ ഭാഗത്ത് വാഴക്കൂട്ടത്തിനിടയില്‍ ഇവരെ കണ്ടതായി പരിസരവാസികള്‍ പറഞ്ഞു. എന്നാല്‍, ഏത് ഭാഗത്തുനിന്നാണ് യുവതികള് ആറ്റിലേക്ക് ചാടിയതെന്ന് അറിയില്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version