വിസ്മയയുടെ മരണം; കിരണ്‍കുമാറിന് സസ്‌പെന്‍ഷന്‍

Kiran Kumar S | Bignewslive

തിരുവനന്തപുരം: അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ കിരണ്‍കുമാറിന് സസ്‌പെന്‍ഷന്‍. കൊല്ലം മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റിലെ ഉദ്യോഗസ്ഥനായ കിരണ്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. കിരണന്‍ കുമാറിന്റെ ഭാര്യ വിസ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കിരണ്‍കുമാറിന്റെ ഭാര്യയും നിലമേല്‍ സ്വദേശിയുമായ വിസ്മയയെ ശാസ്താംകോട്ടയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീപീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ കിരണ്‍കുമാറിനെ തിങ്കളാഴ്ച രാത്രിയോടെ പോലീസ് കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ വിസ്മയയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് കിരണ്‍ പോലീസിന് മൊഴി നല്‍കി. പിന്നാലെ, ചൊവ്വാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ക്കെതിരേ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. വിസ്മയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version