വിവാഹാലോചനയുമായി കിരൺ എത്തിയത് സ്ത്രീധനമല്ല, സ്ത്രീയാണ് ധനമെന്ന് വാചകമടിച്ച്; വിവാഹശേഷം തനിനിറം കാണിച്ചു; മദ്യപിച്ചെത്തി വിസ്മയയുടെ സഹോദരനെ പോലും മർദ്ദിച്ചു

കൊല്ലം: ശാസ്താംകോട്ടയിലെ പോരുവഴിയിൽ ഭർതൃഗൃഹത്തിൽ 24കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണീരുതോരാതെ വീട്ടുകാർ. നിലമേൽ കൈതോട് സ്വദേശിനി എസ് വി വിസ്മയയെ കിരൺ കുമാറെന്ന മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥൻ വിവാഹമാലോചിച്ച് എത്തിയത് സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞായിരുന്നു.

സ്ത്രീധനമല്ല, സ്ത്രീയാണ് ധനമെന്ന വാചകമടിയുമായെത്തിയ കിരൺ കുമാറും കുടുംബവും പക്ഷെ വിവാഹശേഷം തനിനിറം പുറത്തെടുക്കുകയായിരുന്നു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞെങ്കിലും വിസ്മയയുടെ കുടുംബം പ്രവാസി ജീവിതത്തിലെ സമ്പാദ്യത്തിൽ നിന്ന് 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്ക് വിവാഹസമ്മാനമായി നൽകി.

പക്ഷെ വിവാഹശേഷം വിസ്മയയും കുടുംബവും കണ്ടത് ക്രൂരമുഖമുള്ള കിരണിനെയായിരുന്നു. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങൾ പ്രതികരിക്കുന്നു. വിവാഹം കഴിഞ്ഞ ഘട്ടം മുതൽ തുടങ്ങിയ മർദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരിൽ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടിൽ കാര്യങ്ങൾ അറിയിച്ചത്. പത്തു ലക്ഷം രൂപയോ കാറോ നൽകുമെന്നായിരുന്നു അറിയിച്ചത്. ഇതനുസരിച്ച് കാർ വാങ്ങി നൽകുകയും ചെയ്തു. ഈ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിന്റെ ആദ്യത്തെ പീഡനം.

പിന്നീട്, ഈ വർഷം ജനുവരിയിൽ മദ്യപിച്ച് പാതിരാത്രിയിൽ നിലമേലിലെ വിസ്മയയുടെ വീട്ടിൽ എത്തിയ കിരൺ ഇക്കാര്യം പറഞ്ഞ് വിസ്മയയെയും സഹോദരൻ വിജിത്തിനെയും മർദിക്കുകയും ചെയ്തു.

ഇന്ന് പുലർച്ചെയാണ് പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വിസ്മയ തൂങ്ങിമരിച്ചെന്ന വിവരം വീട്ടുകാർ അറിയുന്നത്. സ്ത്രീധനത്തിൻറെ പേരിലുള്ള മർദ്ദനം ഇന്നലെ രാത്രിയും ഉണ്ടായി. ഈ മർദ്ദനത്തിലുണ്ടായ പരുക്കുകളുടെ ചിത്രങ്ങളടക്കം വിസ്മയ കുടുംബത്തിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുലർച്ചെ അഞ്ചു മണിയോടെ വിസ്മയ മരിച്ചെന്ന വിവരം കുടുംബം അറിഞ്ഞത്.

കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു നിലമേൽ സ്വദേശിനി വിസ്മയയും പോരുവഴി സ്വദേശിയായ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ കിരൺകുമാറുമായുളള വിവാഹം.

Exit mobile version