പെരിന്തല്‍മണ്ണ: പ്രണയം നിരസിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് യുവാവ് വീട്ടില്‍അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീഷ് എന്ന 21കാരനാണ് 21കാരിയായ ദൃശ്യയെ വീട്ടില്‍ കയറി ദാരുണമായി കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച അനുജത്തി ദേവശ്രീക്കും കുത്തേറ്റിരുന്നു. ജീവിതമാര്‍ഗമായ കട കത്തിയമര്‍ന്നതിന്റെ നടുക്കംമാറാതെ നില്‍ക്കവെയാണ് മൂത്തമകളുടെ അതിദാരുണ വിയോഗവും. ഇതോടെ കുടുംബത്തെ സാരമായി തളര്‍ത്തി.
കൊല്ലപ്പെട്ട ദൃശ്യയുടെ വീടിനു സമീപത്തുതന്നെയാണ് അച്ഛന് ബാലചന്ദ്രന്റെ തറവാടും സഹോദരങ്ങളുടെ വീടുകളും. പെരിന്തല്‍മണ്ണയിലെ കത്തിയ കടയിലേക്കു രാവിലെ നേരത്തെ ബാലചന്ദ്രനും അനുജനും പോയി. അമ്മ ദീപയും ദൃശ്യയും അനുജത്തി ദേവശ്രീയുമാണ് വീട്ടിലുണ്ടായിരുന്നത്. എട്ടുമണിയോടെ ദൃശ്യയുടെ കരച്ചില് കേട്ടു മുകളിലെ നിലയിലുണ്ടായിരുന്ന ദേവശ്രീ ഓടിയെത്തുകയായിരുന്നു. ചേച്ചിയെ കുത്തുന്നതുകണ്ടു ദേവശ്രീ നിലവിളിച്ചു. ഇതുകേട്ട് അമ്മയും ഓടിയെത്തി തടയാന്‍ ശ്രമിച്ചു. ഇതോടെ പ്രതി വിനീഷ് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ദേവശ്രീക്ക് നെഞ്ചില്‍ കുത്തേറ്റിരുന്നു.
അടുത്ത വീട്ടില്‍നിന്നു ബാലചന്ദ്രന്റെ ജ്യേഷ്ഠന് മധുസൂദനന് എത്തിയപ്പോഴേക്കും വിനീഷ് രക്ഷപ്പെട്ടു. തന്റെ നെഞ്ചത്തുകുത്തിയെന്നും ചേച്ചി കുത്തേറ്റു ഹാളില്‍ കിടക്കുന്നതായും ദേവശ്രീ പറഞ്ഞു. കുത്തേറ്റു ചോരയില്‍ കുളിച്ച ദൃശ്യ അമ്മ ദീപയുടെ മടിയില്‍ക്കിടക്കുന്നതാണ് അകത്തേക്കുചെന്നപ്പോള്‍ കണ്ടത്. ഉടന്‍ കാറില്‍ ഇരുവരെയും പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെത്തിച്ചു. യാത്രമധ്യേയാണു വിനീഷാണു കുത്തിയതെന്നു ദേവശ്രീ വെളിപ്പെടുത്തിയത്. ഇതോടെ വിനീഷ് പ്രദേശത്തുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. പാലത്തോളിലെ ഓട്ടോയില്‍ രക്ഷപ്പെട്ട വിവരം അറിഞ്ഞതും ഡ്രൈവര്‍ക്കു വിവരം നല്കി പ്രതിയെ പോലീസ് സ്റ്റേഷനിലെത്തിക്കാനും സാധിച്ചു.
Discussion about this post