ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹക്കുറ്റം; കേന്ദ്രത്തോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി ഹൈക്കോടതി; കേസിൽ കക്ഷി ചേരണമെന്ന് ഹിന്ദു സംഘടന

കൊച്ചി: സംവിധായകയായ ഐഷ സുൽത്താനയ്ക്ക് എതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ സംഭവത്തിൽ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി. ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

അഡ്മിനിട്രേറ്ററുടെ വിവാദ നടപടികളെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഇത് എങ്ങനെയാണ് കുറ്റകരമാവുക. പോലീസ് കേസ് സുപ്രീം കോടതിയുടെ മുൻ ഉത്തരവ് പ്രകാരം കോടതിയലക്ഷ്യമാണ് എന്നിവയാണ് വിഷയത്തിൽ ഐഷ സുൽത്താനയുടെ നിലപാട്.

20ാം തീയതി ലക്ഷദ്വീപ് പോലീസ് വിളിപ്പിച്ച സാഹചര്യത്തിൽ വ്യാഴാഴ്ച കേസ് പരിഗണിക്കണമെന്ന ഐഷ സുൽത്താനയുടെ ആവശ്യവും കോടതി അംഗീകരിച്ചു. ബയോവെപ്പൺ പരാമർശം സംബന്ധിച്ച പരാതിയിൽ ലക്ഷദ്വീപിലെ കവരത്തി പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതിന് എതിരെയാണ് സംവിധായിക ഐഷ സുൽത്താന മുതിർന്ന അഭിഭാഷക പി വിജയഭാനു മുഖേന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

കേസിൽ ഞായറാഴ്ച ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് ഐഷ സുൽത്താന കേസ് പരിഗണിക്കവെ കോടതിയെ അറിയിച്ചു. അടിയന്തര സാഹചര്യം പരിഗണിച്ച് കേസിൽ രേഖാമൂലം അടുത്ത ദിവസം തന്നെ മറുപടി നൽകാമെന്ന് കേന്ദ്രവും ലക്ഷദ്വീപ് അഡ്മിനിട്രേഷനും അറിയിച്ചതോടെ ഐഷയുടെ ആവശ്യം കൂടി പരിഗണിച്ച് വ്യാഴാഴ്ചത്തേക്ക് കേസ് മാറ്റി.

കേന്ദ്രസർക്കാരിന്റെ നിലപാടും മറ്റും കേട്ട ശേഷം ഹൈക്കോടതി കേസിലെടുക്കുന്ന നിലപാടും മറ്റും സുപ്രധാനമാകും. കേസിൽ കക്ഷിചേരണമെന്നാവശ്യപ്പെട്ട് ഹിന്ദുസംഘടനാ നേതാവ് പ്രതീഷ് വിശ്വനാഥൻ ഹൈക്കോടതിയിലെത്തി. ഇക്കാര്യത്തിലും കോടതി വ്യാഴാഴ്ച തീരുമാനം എടുക്കും.

Exit mobile version