അഞ്ച് ദിവസമായിട്ടും മോഡിയെയും അമിത്ഷായെയും കാണാനായില്ല, വിവാദങ്ങളെപ്പറ്റി വിശദീകരിക്കാന്‍ ഡല്‍ഹിക്ക് പോയ സുരേന്ദ്രന്‍ മടങ്ങുന്നു

തുടരെ തുടരെ ഉയരുന്ന വിവാദങ്ങളിലും കുഴല്‍പ്പണക്കേസിലും ദേശീയ നേതൃത്വത്തിന് വിശദീകരണം നല്‍കാന്‍ പോയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് കേരളത്തിലേക്ക് മടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാനാന്‍ വേണ്ടി കഴിഞ്ഞ അഞ്ച് ദിവസമായി സുരേന്ദ്രന്‍ ഡല്‍ഹിയില്‍ തുടരുകയായിരുന്നു.

ഇരുവരെയും കാണാനാവാതെയാണ് സുരേന്ദ്രന്‍ മടങ്ങുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരെയുമാണ് കാണാനായത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നടന്നില്ല.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഘടകത്തില്‍ അഴിച്ചു പണി വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം. എന്നാലും സുരേന്ദ്രന്റെ വിഷയത്തില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേന്ദ്രന്‍ പ്രതികരിച്ചത്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആര്‍എസ്എസിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.

വിവാദങ്ങളുമായി ബന്ധപ്പെട്ട് സുരേന്ദ്രന് ബിജെപി കേന്ദ്രനേതൃത്വം താക്കീത് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സികെ ജാനുവിന് പണം നല്‍കിയെന്ന് തെളിയിക്കുന്ന കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ പ്രസീത പുറത്തുവിട്ടതും സുരേന്ദ്രനെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെതിരെ മുരളീധരന്‍വിരുദ്ധ വിഭാഗം ശക്തമായി രംഗത്തെത്തിയ സാഹചര്യത്തില്‍ സുരേന്ദ്രനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രനേതൃത്വവും നിര്‍ബന്ധിതരാകുകയാണ്.

Exit mobile version