മെഴുകുതിരി കത്തിച്ച് പ്ലേറ്റും ചിരട്ടയും കൊട്ടി ‘ഗോ പട്ടേൽ ഗോ’ വിളിക്കണം; കറുത്ത വസ്ത്രമോ ബാഡ്‌ജോ ധരിക്കണം; പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദർശനം സമ്പൂർണ കരിദിനമായി ആചരിക്കാൻ ആഹ്വാനം

കവരത്തി: കേന്ദ്രസർക്കാരിന്റെ വിചിത്രമായ നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് എതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് ലക്ഷദ്വീപ് ജനത. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ സന്ദർശത്തിനെത്തുന്ന ദിവസം സമ്പൂർണ്ണ കരിദിനമായി ആചരിക്കാൻ ദ്വീപിൽ ആഹ്വാനം. പ്രഫുൽ പട്ടേലെത്തുന്ന ജൂൺ 14ന് കരിദിനമായി ആചരിക്കാൻ നിരവധി പ്രതിഷേധ പരിപാടികൾക്കാണ് സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധങ്ങളെല്ലാം വീടിനകത്തും പരിസരത്തും മാത്രമായിരിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചിരിക്കണമെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകുന്നവർ ആവശ്യപ്പെട്ടു.

കരിദിനത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും കറുത്ത കൊടികൾ കൊണ്ട് നിറക്കണമെന്നും റോഡരികിലുള്ളവർ റോഡിലേക്ക് കാണുന്ന രീതിയിൽ കൊടികൾ കെട്ടാൻ ശ്രദ്ധിക്കണമെന്നും ഫോറം നൽകിയ നിർദേശങ്ങളിൽ പറയുന്നു. ചരിത്രദിനത്തിനായി തയ്യാറെടുക്കാം, നമ്മൾ അതിജീവിക്കും, ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം എന്നീ മുദ്രാവാക്യങ്ങളോടെയാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കരിദിനമായി ആചരിക്കണമെന്ന് സേവ് ലക്ഷദ്വീപ് ഫോറം ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അന്നേ ദിവസം, കറുത്ത വസ്ത്രമുള്ളവർ അത് ധരിക്കാൻ ശ്രദ്ധിക്കണമെന്നും എല്ലാവരും കറുത്ത മാസ്‌ക് വെക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. കറുത്ത മാസ്‌കോ വസ്ത്രമോ ഇല്ലാത്തവർ കറുത്ത ബാഡ്‌ജെങ്കിലും ധരിച്ചിരിക്കണമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

കരിനിയമങ്ങൾക്കെതിരെ പ്ലക്കാർഡുകളും മറ്റും തയ്യാറാക്കുക. അഡ്മിനിസ്‌ട്രേറ്റർ വരുന്ന ദിവസം രാത്രി കൃത്യം 9 മണിക്ക് ലക്ഷദ്വീപിലെ എല്ലാ വീടുകളിലും വിളക്കണച്ച് മെഴുകുതിരി കത്തിച്ച് പ്ലേറ്റും ചിരട്ടയും കൊട്ടി ‘ഗോ പട്ടേൽ ഗോ’ എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധം സംഘടിപ്പിക്കണം. ഇതിന്റെയെല്ലാം വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്നും ഫോറം പറഞ്ഞു.

അതേസമയം അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ സന്ദർശനത്തിന്റെ ഭാഗമായി ലക്ഷദ്വീപിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദീർഘകാലമായി പണി പൂർത്തിയാകാത്ത കോട്ടേജുകളും റിസോർട്ടുകളുമാണ് പൊളിച്ചുമാറ്റുക.

Exit mobile version