തിരുവനന്തപുരം: ലോറിയുടെ മുകളില്‍ കമ്പി കുടുങ്ങിയതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റ് റോഡിലേയ്ക്ക് മറിഞ്ഞു വീണ് അപകടം. പോസ്റ്റിന് അടിയില്‍ കുടുങ്ങിയ ബൈക്ക് യാത്രികന് മരണപ്പെട്ടു. ലോറിക്ക് പിന്നാലെ വന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. പേരൂര്‍ക്കടയിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് പേരൂര്‍ക്കട-മണ്ണാമൂല റോഡിലായിരുന്നു ദാരുണമായ അപകടം നടന്നത്.
മണ്ണാമൂല സൂര്യനഗര്‍ 153-എ രാജ് വീട്ടില്‍ ആര്.രാജേഷാണ്(44) മരിച്ചത്. പേരൂര്‍ക്കടയില്‍നിന്നു മണ്ണാമ്മൂല ഭാഗത്തേക്കു പോകുകയായിരുന്നു കോണ്‍ക്രീറ്റ് മിക്സിങ് ലോറി. ഈ ലോറിയുടെ പിന്നിലായി ബൈക്കില്‍ വരികയായിരുന്നു രാജേഷും. ലോറിയും ബൈക്കും കണ്‍കോര്‍ഡിയ സ്കൂളിന് മുന്നിലെത്തിയപ്പോള്‍, ലോറിയുടെ പിന്നിലെ ഉയര്‍ന്ന ഭാഗം റോഡിനു കുറുകേയുള്ള ഇലക്ട്രിക്ക് കമ്പിയില്‍ കുരുങ്ങുകയായിരുന്ന. ഇത് ശ്രദ്ധിക്കാതെ ലോറി മുന്നോട്ടു നീങ്ങി. ഇതോടെ ഇടതുവശത്തെ ഇലക്ട്രിക്ക് തൂണ് റോഡിലേക്കു മറിഞ്ഞുവീഴുകയായിരുന്നു.
രാജേഷിന്റെയും ബൈക്കിനും മുകളിലേക്കായിരുന്നു പോസ്റ്റ് വീണത്. അപകടം നടന്നയുടന്‍ ലോറി ഡ്രൈവര്‍ ഇറങ്ങിയോടി. ഓടിക്കൂടിയ നാട്ടുകാര്‍ രാജേഷിനെ ഉടനെ തന്നെ പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മണ്ണമ്മൂലയില് ഇലക്ട്രിക്കല്‍ സ്ഥാപനം നടത്തുകയായിരുന്നു രാജേഷ്. വെള്ളിയാഴ്ച കട തുറക്കുന്നതിന് ഇളവു ലഭിച്ചതിനെത്തുടര്‍ന്നാണ് രാവിലെ വീട്ടില്‍നിന്ന് ഇറങ്ങിയത്.
Discussion about this post