റേഷന്‍ കാര്‍ഡും ആധാറും ഉണ്ട്, പക്ഷേ താമസം റോഡരികിലും, വീടെന്ന സ്വപ്‌നം ഇവര്‍ക്ക് ഒരുപാടകലെ, ഇഴജന്തുക്കളെയും ഇപ്പോള്‍ കാലാവസ്ഥയെയും ഭയന്ന് ഓരോ ദിനവും

Abdul Salam | Bignewslive

എരുമേലി: റേഷന്‍ കാര്‍ഡും ആധാറും ഉണ്ടായിട്ടു പോലും റോഡരികില്‍ താമസിക്കേണ്ട ഗതികേടിലാണ് ഹൃദ്രോഗിയായ 65കാരന്‍ അബ്ദുള്‍സലാമും ഭാര്യയും. കയറിക്കിടക്കാന്‍ വീടോ ഒരു തുണ്ട് ഭൂമിയോ ഇല്ലാതെ ആയതോടെയാണ് കുടുംബം വഴിയോരത്ത് ഇഴജന്തുക്കളെയും മറ്റും ഭയന്ന് ജീവിതം തള്ളിനീക്കുകയാണ് ഇവര്‍. തുണയായി മക്കളും ഇവര്‍ക്കില്ല. എരുമേലി – കാഞ്ഞിരപ്പള്ളി പാതയില്‍ കൊരട്ടി പാലത്തിനടുത്താണ് ഷീറ്റ് വലിച്ചുകെട്ടിയ കൂരയ്ക്കുള്ളിലാണ് അബ്ദുള്‍സലാമും ഭാര്യയും കഴിയുന്നത്.

ഇപ്പോള്‍ കാലാവസ്ഥയും ഇവര്‍ക്ക് വില്ലനായി തീര്‍ന്നിരിക്കുകയാണ്. കനത്ത മഴയും കാറ്റും ഇവരുടെ ഷീറ്റിനുള്ളിലെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നു. വഴിയോരത്ത് നില്‍ക്കുന്ന മരം കടപുഴകി വീഴുമോ, ഷീറ്റ് പാറിപ്പോകുമോ എന്ന ആശങ്കയില്‍ ഓരോ ദിനവും തള്ളിനീക്കുകയാണ് ഇവര്‍. അബ്ദുള്‍ സലാം ഹോട്ടിലിലെ തൊഴിലാളിയായിരുന്നു. എന്നാല്‍ രണ്ടുതവണ ഹൃദയാഘാതം വന്നതോടെ ഹോട്ടല്‍ ജോലി എടുക്കാന്‍ കഴിയാത്ത സ്ഥിതി വന്നു. മരുന്നു വാങ്ങാന്‍ പോലും സുമനസുകളുടെ സഹായം തേടേണ്ട സ്ഥിതിയിലായി. കൊവിഡ് മഹാമാരി മൂലം, ലോക്ഡൗണ്‍ ആയതോടെ ജീവിതം കൂടുതല്‍ ദുരിതത്തിലാവുകയും ചെയ്തു. ഹോട്ടല്‍ ജോലി ഉണ്ടായിരുന്നപ്പോള്‍ വാടക വീടുകളിലായിരുന്നു താമസം.

അസുഖം പിടിപ്പെട്ടതോടെ, ജോലിക്ക് പോകാന്‍ കഴിയാതെയായതാണ് കുടുംബത്തിന് തിരിച്ചടിയായത്. കഴിഞ്ഞ ആറുവര്‍ഷമായി ഈ ഷീറ്റ് മേഞ്ഞ കൂരയ്ക്കുള്ളിലാണ് അബ്ദുള്‍സലാമിന്റെ വാസം. മരുന്നിനു മാത്രം മാസം രണ്ടായിരത്തോളം രൂപ വരും. ലോക്ഡൗണ്‍ വന്നപ്പോള്‍ ആശുപത്രിയില്‍ പോക്കും മുടങ്ങി. ഡോക്ടര്‍ എഴുതികൊടുത്ത പഴയ മരുന്നു കുറിപ്പടി വെച്ച് മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മരുന്ന് വാങ്ങി കഴിക്കും. എന്നാല്‍ സഹായിച്ചിരുന്നവര്‍ക്ക് പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനും കഴിയാത്ത അവസ്ഥയാണ്. റേഷന്‍ മുടങ്ങാതെ കിട്ടുന്നതുകൊണ്ട് പട്ടിണിയില്ലാതെ കഴിഞ്ഞു പോകുന്നുവെന്ന് അബ്ദുള്‍സലാം പറയുന്നു. കാലാകാലങ്ങളായി അധികാരികള്‍ വീട് വെച്ച് നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും അതെല്ലാം പാഴ് വാക്ക് ആവുകയാണെന്നും ഇവര്‍ പറയുന്നു.

വര്‍ഷങ്ങളോളം കയറിയിറങ്ങി ലൈഫ് മിഷനില്‍ പേര് വന്നിട്ടുപോലും തങ്ങളുടെ കാര്യത്തില്‍ യാതൊരു നീക്കവും പഞ്ചായത്ത് കൈകൊള്ളുന്നില്ലെന്ന് അബ്ദുള്‍സലാം ബിഗ് ന്യൂസിനോട് പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷന്‍ തുകയും ഭക്ഷ്യകിറ്റിലുമാണ് ഇന്ന് തങ്ങള്‍ കഴിഞ്ഞു പോവുന്നതെന്നും ജോലി ചെയ്യാന്‍ ആരോഗ്യം സമ്മതിക്കുന്നില്ലെന്നും അന്നന്നത്തെ അന്നത്തിന് പോലും വകയില്ലാതെ ദുരിതമാണെന്ന് അബ്ദുള്‍സലാം ബിഗ് ന്യൂസിനോട് പ്രതികരിച്ചു. റോഡരികിലെ വളവിനോട് ചേര്‍ന്ന് നില്‍ക്കുന്ന കൂരയിലുള്ള താമസം അപകടത്തിന്റെ വക്കിലും കൂടിയാണ്. ഏതു നിമിഷവും വാഹനം പാഞ്ഞുവരുമെന്ന ഭയവും ഈ കുടുംബത്തെ അലട്ടുന്നുണ്ട്.

Exit mobile version