ആലപ്പുഴ: പുന്നപ്രയില്‍ ആരോഗ്യനില വഷളായ കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രേഖയുടെയും അശ്വിന്റെയും സമയോചിതമായ ഇടപെടലാണ് പുറക്കാട് സ്വദേശി സാബുവിന്റെ ജീവന്‍ നിലനിര്‍ത്തിയത്.
ആലപ്പുഴ സ്വദേശികളായ രേഖ പി മോളും അശ്വിന്‍ കുഞ്ഞുമോനുമാണ് സ്വന്തം ജീവന്‍ പോലും പണയംവച്ച് മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായത്. ഡിവൈഎഫ്ഐ ആലപ്പുഴ ഭഗവതിക്കല്‍ യൂണിറ്റ് അംഗങ്ങളാണ് ഇരുവരും.
പുന്നപ്രയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ രോഗിയെ ആണ് നില വഷളായതിനാല്‍ ആംബുലന്‍സിന് കാത്തു നില്‍ക്കാതെ പിപിഇ കിറ്റ് ധരിച്ച് ഇവര്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
പുന്നപ്രയിലെ പോളിടെക്‌നിക് വനിത ഹോസ്റ്റല്‍ സിഎഫ്എല്‍ടിസില്‍ രാവിലെ പത്തോടെയാണ് സംഭവം. രോഗികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ എത്തിയതാണ് സന്നദ്ധപ്രവര്‍ത്തകരായ രേഖയും അശ്വിനും.
ഭക്ഷണം നല്‍കുന്നതിനിടെ മൂന്നാം നിലയിലുള്ള രോഗി ശ്വാസംമുട്ടലില്‍ പിടയുന്നതായി അവിടെയുള്ളവര്‍ വന്നു പറഞ്ഞതിനെ തുടര്‍ന്ന് ഓടി ചെന്ന ഇവര്‍ കണ്ടത് ശ്വസിക്കാന്‍ ബുദ്ധിമുട്ടി അവശനിലയില്‍ കിടക്കുന്ന രോഗിയേയാണ്. പെട്ടെന്നു തന്നെ അടുത്തുള്ള ആശുപത്രിയില്‍ വിളിച്ച് ആംബുലന്‍സ് എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും 10 15 മിനിട്ട് താമസമുണ്ടെന്നാണ് അറിയിച്ചത്.
തുടര്‍ന്ന് സമയം പാഴാക്കാതെ ഇരുവരും രോഗിയെ മറ്റുള്ളവരുടെ സഹായത്തോടെ താഴെയെത്തിച്ചു. ഇരുവരും പിപിഇ കിറ്റ് ധരിച്ച് ബൈക്കില്‍ കയറി അവര്‍ക്ക് ഇടയില്‍ സാബുവിനെ ഇരുത്തി ആശുപത്രിയില്‍ എത്തിച്ചു. ആംബുലന്‍സിനു കാക്കാതെ സ്വന്തം സുരക്ഷ പോലും നോക്കാതെയാണ് ഈ ചെറുപ്പക്കാരുടെ മാനുഷിക ഇടപെടല്‍. ഉടനെ തന്നെ അടുത്തുള്ള സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് ഐസിയു ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.
കോവിഡ് ബാധിതനായ പുറക്കാട് സ്വദേശി സാബു എന്ന മുപ്പത്തിയാറുകാരനാണ് രാവിലെ ശ്വാസതടസവും നെഞ്ച് വേദനയും അനുഭവപ്പെട്ടത്. പരമാവധി വേഗത്തില്‍ രോഗിയെ ആശുപത്രിയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് അശ്വിനും രേഖയും പറയുന്നു
സഹകരണ ആശുപത്രിയില്‍ നിന്നും നില മെച്ചപ്പെട്ട സാബുവിനെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് അശ്വിനും രേഖയും മടങ്ങിയത്.